ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
കൊല്ലം: ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷ വ്യാഴാഴ്ച വിധിക്കുമെന്ന് കോടതി അറിയിച്ചു.
പോലിസ് ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്ദ്ധര്‍, ചികില്‍സിച്ച ഡോക്ടര്‍മാര്‍ തുടങ്ങി എഴുപതിലധികം സാക്ഷികളെയാണ് കേസിന്റെ ഭാഗമായി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
കൊല്ലം അസീസിയ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന ഡോ. വന്ദനയെ പ്രതി സന്ദീപ് കൊലപ്പെടുത്തിയത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പരിശോധനക്കായി എത്തിച്ചപ്പോഴാണ്. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന കുടവട്ടൂര്‍ സ്വദേശി സന്ദീപ് ഡോ. വന്ദനയെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്. 2023 മെയ് 10ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലിസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ചയാളുടെ കുത്തേറ്റ് ഡോ. വന്ദനദാസ് കൊല്ലപ്പെട്ടത്.
വഴക്കിനിടെ പരിക്കേറ്റ പ്രതി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പോലിസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാളുടെ മുറിവ് തുന്നിക്കെട്ടാന്‍ നേതൃത്വം നല്‍കിയത് ഡോ.വന്ദനദാസായിരുന്നു. ഇതിനിടെ അക്രമാസക്തനായ സന്ദീപ് പോലിസുകാരെയടക്കം കത്രികകൊണ്ട് ആക്രമിച്ചു. ഒറ്റപ്പെട്ടുപോയ വന്ദനയെ പ്രതി നിലത്ത് ചവിട്ടിവീഴ്ത്തി കത്രികകൊണ്ട് കുത്തുകയായിരുന്നു. നെഞ്ചത്തും തലയിലും വന്ദനക്ക് ആഴത്തില്‍ പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ വന്ദനദാസ് പിറ്റേന്ന് മരണത്തിന് കീഴടങ്ങി. തനിക്ക് മനോവിഭ്രാന്തിയുണ്ടെന്നായിരുന്നു പ്രതിയുടെ വാദം. സുപ്രിംകോടതി ഉത്തരവ് പ്രകാരം പ്രതിയുടെ മാനസികനില വിദഗ്ദ്ധസംഘം പരിശോധിച്ചതോടെ ആ വാദം പൊളിയുകയായിരുന്നു.
