ഒന്നരവയസ്സുള്ള കുഞ്ഞുമായി ദമ്പതികള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

Update: 2025-10-13 10:10 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കഡപ്പയില്‍ ഒന്നരവയസ്സുള്ള കുഞ്ഞുമായി ദമ്പതികള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കഡപ്പ സ്വദേശികളായ ശ്രീരാമുലു (35), ഭാര്യ സിരിഷ (30), മകന്‍ റിത്വിക് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

വീട്ടില്‍ വഴക്ക് നടന്നതിനെ തുടര്‍ന്ന് ദമ്പതികള്‍ വീടുവിട്ടിറങ്ങിയതായാണ് പോലിസ് പറയുന്നത്. ഇവര്‍ കഡപ്പ റെയില്‍വേ സ്റ്റേഷനിലെത്തി ഗുഡ്സ് ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു. ട്രെയിന്‍ ഇടിച്ച് മൂവരുടെയും മൃതദേഹങ്ങള്‍ ചിതറിയ നിലയിലായിരുന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ ശ്രീരാമുലുവിന്റെ മുത്തശ്ശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായും പോലിസ് അറിയിച്ചു. ദമ്പതികളുടെ വീടിനുള്ളിലുണ്ടായ വഴക്കില്‍ മുത്തശ്ശി ഇടപെട്ട് ഇരുവരെയും ശകാരിച്ചുവെന്നാണു വിവരം. ഇതോടെ വിഷമിതരായ ദമ്പതികള്‍ കുഞ്ഞിനെയെടുത്ത് വീടുവിട്ടിറങ്ങുകയായിരുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: