മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു

Update: 2026-02-11 07:33 GMT

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മനീഷ് കുമാര്‍ (35), ഭാര്യ സീമ (32), മക്കളായ ഹണി (8), പ്രിയാന്‍ഷി (5), പ്രതീക് (3) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് സംഭവം പുറത്തറിഞ്ഞത്.

കുട്ടികള്‍ കളിക്കാനെത്താതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ക്ക് സംശയം തോന്നി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മനീഷിന്റെ സഹോദരന്‍ വീട്ടിലെത്തി ജനാലയിലൂടെ നോക്കിയപ്പോള്‍ അനക്കമൊന്നുമില്ലാത്തതിനാല്‍ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ അഞ്ചുപേരും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് സമീപം പാല്‍ നിറച്ച ഗ്ലാസ് കണ്ടെത്തിയതിനാല്‍ വിഷം കലര്‍ത്തിയ പാല്‍ കഴിച്ചാകാം മരിച്ചതെന്നായിരുന്നു ധാരണ. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പ്രകാരം മനീഷ് വൈദ്യുതാഘാതമേറ്റും സീമ തൂങ്ങി മരിച്ചുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. മൂന്നു കുട്ടികളെയും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് ശ്ലോക് കുമാര്‍ അറിയിച്ചു.

മരണത്തിന് മുന്‍പ് മനീഷ് റെക്കോര്‍ഡ് ചെയ്ത വീഡിയോയും ചുമരില്‍ എഴുതിയ സന്ദേശവും കണ്ടെത്തിയിട്ടുണ്ട്. 'ഞങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം മരിച്ചതാണ്. ആരെയും ബുദ്ധിമുട്ടിക്കരുത്,' എന്നാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്. അടുത്തിടെ 12 ലക്ഷം രൂപയ്ക്ക് ഒരു സ്ഥലം വിറ്റതായും വാങ്ങിയ വ്യക്തിയെ കുറ്റപ്പെടുത്തരുതെന്നും കുറുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: