ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ദമ്പതികള്‍ അറസ്റ്റില്‍

Update: 2026-04-05 05:34 GMT

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ ബിജു ബാലന്‍ (52), ഭാര്യ രശ്മി ബിജു (44) എന്നിവരെയാണ് പൂയപ്പള്ളി പോലിസ് പിടികൂടിയത്. ഓയൂര്‍ സ്വദേശിയായ യുവാവിനോട് ഓസ്‌ട്രേലിയയില്‍ ജോലി ലഭിക്കുമെന്നും പിന്നീട് പൗരത്വം ലഭ്യമാക്കാമെന്നും വാഗ്ദാനം ചെയ്ത് 10.5 ലക്ഷം രൂപയാണ് ഇവര്‍ കൈപ്പറ്റിയത്. പണം വാങ്ങിയതിന് ശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു.

സംഭവത്തെ തുടര്‍ന്ന് 2025 ഒക്ടോബറില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് പ്രതികല്‍ക്കെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം മരടില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. ഇവര്‍ക്കെതിരേ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ നിരവധി തട്ടിപ്പ് കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ വിവാഹ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയതും, കായംകുളത്ത് ബിസിനസ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയതും കണ്ണൂര്‍ പഴയങ്ങാടി, ചവറ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി വിസ വാഗ്ദാനം, പണം തട്ടിപ്പ്, വാഹന കവര്‍ച്ച തുടങ്ങിയ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലും ഇവര്‍ക്കെതിരേ കേസുകള്‍ നിലനില്‍ക്കുന്നതായി പോലിസ് അറിയിച്ചു.

Tags: