കത്ത് വിവാദത്തില്‍ ഇന്നും പ്രതിഷേധം; ഗേറ്റ് ഉപരോധിച്ച യുവമോര്‍ച്ചക്കാരും കോര്‍പറേഷന്‍ ജീവനക്കാരും തമ്മില്‍ കൈയാങ്കളി, കെഎസ്‌യു മാര്‍ച്ചിലും സംഘര്‍ഷം

Update: 2022-11-25 09:28 GMT

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇന്നും പ്രതിഷേധം. താല്‍ക്കാലിക നിയമനത്തിന് ഉദ്യോഗാര്‍ഥികളുടെ പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്ന സാഹചര്യത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോര്‍പറേഷന്റെ ഗേറ്റ് ഉപരോധിച്ചാണ് പ്രതിഷേധിച്ചത്. ഗേറ്റ് ഉപരോധിച്ച യുവമോര്‍ച്ചക്കാരും കോര്‍പറേഷന്‍ ജീവനക്കാരും തമ്മില്‍ കൈയാങ്കളി നടന്നു. രാവിലെ മുതല്‍ കോര്‍പറേഷനിലെ രണ്ട് കവാടവും യുവമോര്‍ച്ച ഉപരോധിച്ചു.

ഗേറ്റുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. മൂന്നാമത്തെ ഗേറ്റും ഉപരോധിക്കാനെത്തിയതോടെ ജീവനക്കാരുമായി തര്‍ക്കമായി. കോര്‍പറേഷന് പിന്നിലെ ഗേറ്റ് ഉപരോധിച്ചവരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനുശേഷമാണ് ജീവനക്കാര്‍ അകത്ത് പ്രവേശിച്ചത്. മേയര്‍ രാജിവച്ച ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമന കത്തിലെ യഥാര്‍ഥ പ്രതികളായ മേയറെയും ആനാവൂര്‍ നാഗപ്പനെയും ക്രൈംബ്രാഞ്ച് സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോര്‍പറേഷനിലേക്ക് ബിജെപിയും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. തിരുവനന്തപുരം കോര്‍പറേഷനിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാതിരുന്നതോടെ പോലിസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. പോലിസ് നാല് പ്രാവശ്യമാണ് ജലപീരങ്കി പ്രയോഗിച്ചത്. വന്‍ പോലിസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. നിയമന കത്ത് കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ഇന്നലെ എടുത്തിരുന്നു.

Tags: