ഇന്‍ഡോറില്‍ ആരോഗ്യ പ്രവര്‍ത്തകരെ കല്ലെറിഞ്ഞ സംഭവം: ഏഴു പേര്‍ അറസ്റ്റില്‍

ഇന്‍ഡോറിലെ ടാട്പാട്ടി ഭഗാല്‍ പ്രദേശത്ത് വച്ച് കഴിഞ്ഞ ദിവസമാണ് ജനക്കൂട്ടം ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത്.

Update: 2020-04-03 01:02 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം കല്ലെറിഞ്ഞോടിച്ച സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ഇന്‍ഡോറിലെ ടാട്പാട്ടി ഭഗാല്‍ പ്രദേശത്ത് വച്ച് കഴിഞ്ഞ ദിവസമാണ് ജനക്കൂട്ടം ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത്. ഡോക്റ്റര്‍മാര്‍, നഴ്‌സുമാര്‍ ആശാവര്‍ക്കര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റിരുന്നു. പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരുടെ

സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെയെത്തിയത്. ഇതില്‍ ഒരു സംഘത്തിന് നേരെയാണ് സംഘടിത ആക്രമണം ഉണ്ടായത്.

മധ്യപ്രദേശില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലം കൂടിയാണ് ഇന്‍ഡോര്‍. മധ്യപ്രദേശിന് പുറമേ ഗുജറാത്ത്, മഹാരാഷ്ട്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. 

Tags: