കൊറോണ: കാസര്‍കോട് അഞ്ച് മണി കഴിഞ്ഞ് പ്രവര്‍ത്തിച്ച കടകള്‍ അടപ്പിച്ചു, 15 പേര്‍ക്കെതിരേ കേസ്

പകല്‍ 11 മുതല്‍ അഞ്ച് മണി വരെ മാത്രമേ കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന വിലക്ക് ലംഘിച്ച കടകള്‍ പോലിസ് അടപ്പിച്ചു. രാവിലെ 11 മണിക്ക് മുന്‍പ് കട തുറന്നതിനും കേസെടുത്തു.

Update: 2020-03-21 15:27 GMT

കാസര്‍കോട്: കൊറോണ ഭാത ഭീതിതമായി പടര്‍ന്നുപിടിക്കുന്നതിനിടെ കാസര്‍കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണവുമായി സര്‍ക്കാര്‍. പകല്‍ 11 മുതല്‍ അഞ്ച് മണി വരെ മാത്രമേ കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന വിലക്ക് ലംഘിച്ച കടകള്‍ പോലിസ് അടപ്പിച്ചു. രാവിലെ 11 മണിക്ക് മുന്‍പ് കട തുറന്നതിനും കേസെടുത്തു.

ഉപ്പളയില്‍ അഞ്ച് മണി കഴിഞ്ഞിട്ടും അടക്കാതിരുന്ന കടകള്‍ പോലിസ് ഇടപ്പെട്ട് അടപ്പിച്ചു. ഹൊസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കല്ലൂരാവിയിലും മഡിയനിലും അഞ്ചു മണിക്കു ശേഷം പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെ കേസെടുത്തു. രാവിലെ 11 മണിക്ക് മുന്‍പ് കട തുറന്നതിന് പൂടംകല്ലിലും ഹൊസ്ദുര്‍ഗിലും പോലിസ് കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ജില്ലയില്‍ 15 പേര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്.

ഇന്നും ഇന്നലെയുമായി 12 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ കടന്നത്. അതിനിടെ കാസര്‍കോട്ടെ രോഗിക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ചു.



Tags: