സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചതിനെച്ചൊല്ലി സംഘര്‍ഷം; ഷിമോഗയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Update: 2022-08-15 13:20 GMT

ഷിമോഗ: കര്‍ണാടകയിലെ ഷിമോഗയില്‍ സവര്‍ക്കറുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷം നിയന്ത്രണാധീതമായതോടെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഹിന്ദുത്വ സംഘടനകളാണ് അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ സവര്‍ക്കറുടെ ചിത്രം പ്രദര്‍ശിപ്പിച്ചത്. സര്‍ക്കിളിന്റെ പേര് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചിത്രം സ്ഥാപിച്ചതെന്ന് കരുതുന്നു.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് മാപ്പപേക്ഷിച്ച സവര്‍ക്കറുടെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതിനെതിരേ ഹിന്ദുത്വര്‍ രംഗത്തുവന്നത് സംഘര്‍ഷത്തിന് കാരണമായി. തുടര്‍ന്നാണ് ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്.

പ്രതിഷേധക്കാരെ പിരിച്ചയക്കാന്‍ പോലിസ് ലാത്തി വീശി.

അക്രമസംഭവങ്ങളില്‍ ഒരാള്‍ക്ക് കുത്തേറ്റിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്രയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

നിരോധനാജ്ഞക്ക് പുറമെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടാനും നിര്‍ദേശിച്ചു.

സവര്‍ക്കറുടെ ചിത്രത്തിനെതിരേ പ്രതിഷേധിച്ച ഏതാനും മുസ് ലിം യുവാക്കളെ ഹിന്ദുത്വര്‍ മര്‍ദ്ദിച്ചിരുന്നു.

സര്‍ക്കിളിന് 'സവര്‍ക്കര്‍ സര്‍ക്കിള്‍' എന്ന് പേര് മാറ്റാനാണ് ഉദ്ദേശിച്ചതെങ്കിലും സംഘടനകളുടെ ഇടപെടലോടെ അത് നടക്കാതെ പോയി.

Tags: