'ഭരണഘടനക്കെതിരായ വിവാദപരാമര്‍ശം: മന്ത്രി സജി ചെറിയാനെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Update: 2022-07-05 14:38 GMT

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചുകൊണ്ട് പ്രസംഗിച്ച മന്ത്രി സജി ചെറിയാനെതിരേ യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കി. മന്ത്രിയുടെ പരാമര്‍ശം സത്യപ്രതിജ്ഞാലംഘനമാണെന്നും ക്രിമിനല്‍കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അദ്ദേഹത്തെ അയോഗ്യനാക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ പി ശ്രീകുമാര്‍ പത്തനംതിട്ട ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കി.

മന്ത്രിക്കെതിരേ നടപടി ആവശ്യപ്പെട്ട് വിടി ബല്‍റാം അടക്കമുള്ള കെപിസിസി സംഘം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നും, ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു.  മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയില്‍ എഴുതിവച്ചിട്ടുണ്ട്, സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം എന്നായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍.

സജി ചെറിയാനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Similar News