കോണ്‍ഗ്രസ് സമരം: പത്തനംതിട്ട നഗരസഭയില്‍ പിന്തുണ നല്‍കാത്തതിലുള്ള രോഷമെന്ന് എസ്ഡിപിഐ

Update: 2021-01-18 10:10 GMT

പത്തനംതിട്ട: സിപിഎം എസ്ഡിപിഐ ബന്ധം ആരോപിച്ച് പത്തനംതിട്ട നഗരസഭയില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരം പ്രഹസനമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അപചയത്തെയാണ് ഈ സമരം തുറന്നുകാട്ടുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് എസ്ഡിപിഐ. ബിജെപി ഒഴികെ മറ്റേത് പാര്‍ട്ടിയോടും എസ്ഡിപിഐയ്ക്ക് അയിത്തമില്ല. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയോട് സഹകരിക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അന്‍സാരി ഏനാത്ത് വ്യക്തമാക്കി.

മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐയുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരിക്കുന്നത്. അവിടെ വെല്‍ഫെയര്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം എസ്ഡിപിഐയ്ക്കാണ്. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നഗരസഭയില്‍ എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലേറിയത്. ഇവിടെയൊക്കെ കോണ്‍ഗ്രസ് സമരം നടത്താന്‍ തയ്യാറാവുമോയെന്നും അന്‍സാരി ഏനാത്ത് ചോദിച്ചു.

പത്തനംതിട്ട നഗരസഭയില്‍ ഭരണത്തിലേറാന്‍ യുഡിഎഫിന് പിന്തുണ നല്‍കാത്തതിന്റെ രോഷമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നടത്തുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരെ നിസംഗത പാലിക്കുന്ന കോണ്‍ഗ്രസ് അധികാര മോഹത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം സമരങ്ങള്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള കുതന്ത്രമാണ്. ഇത് പൊതുജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


Tags: