ആര്‍എസ്എസ് അജണ്ടകളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നിലപാട് അപഹാസ്യം: എസ്ഡിപിഐ

Update: 2022-09-25 13:33 GMT

ആലുവ: ആര്‍എസ്എസ് അജണ്ടകളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നിലപാട് അപഹാസ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വി ഡി സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഭാഷ ആര്‍എസ്എസ്സിന്റെതായി മാറി. ഫാഷിസത്തിനെതിരേ എഴുന്നേറ്റു നില്‍ക്കാന്‍ കെല്‍പ്പില്ലെന്ന് ഓരോ ദിനവും തെളിയിക്കുന്ന തരത്തിലാണ് രാഹുല്‍ നേതൃത്വം കൊടുക്കുന്ന ജോഡോ യാത്ര നടക്കുന്നത്. ആലുവ അത്താണിയില്‍ യാത്രയുടെ പ്രാചരണാര്‍ത്ഥം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ ആര്‍എസ്എസ് ആചാര്യനായ വി ഡി സവര്‍ക്കറുടെ ഫോട്ടോ വന്നത് യാദൃശ്ചികമല്ല. വിമര്‍ശനമുയര്‍ന്നപ്പോള്‍ പ്രാദേശിക നേതാവിനെതിരേ നടപടി സ്വീകരിച്ചെങ്കിലും ഇനി നടപടി തുടരില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ഫ്‌ളകസ് ബോര്‍ഡില്‍ സവര്‍ക്കര്‍ മാത്രമല്ല ഗോവിന്ദ് വല്ലഭായ് പന്തിന്റെ ചിത്രവുമുണ്ട്. ജോഡോ യാത്രയില്‍ രാഹുല്‍ ഷോ അല്ലാതെ രാജ്യം അഭിമുഖീകരിക്കുന്ന ഗൗരവ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ടിനെതിരേ അന്യായമായി ഇഡിയും എന്‍ഐഎയും നടത്തിയ വേട്ടയില്‍ നിഷ്പക്ഷമായ നിലപാടെടുക്കുന്നതിനു പകരം സംഘടനയെ നിരോധിക്കുന്നതിന് പച്ചക്കൊടി കാട്ടുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍. സംഘപരിവാരത്തിന്റെ ബി ടീമാണ് തങ്ങളെന്ന് അനുദിനം തെളിയിക്കുന്ന കോണ്‍ഗ്രസില്‍ നിന്ന് രാജ്യത്തെ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ക്ക് ഇനിയും നീതി പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും കുളം കലക്കി മീന്‍ പിടിക്കാനുള്ള ഗൂഢ തന്ത്രമാണ് ഇടതും വലതും മുന്നണികള്‍ പയറ്റുന്നതെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി പി റഫീഖ്, സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, ട്രഷറര്‍ എ കെ സലാഹുദ്ദീന്‍, അന്‍സാരി ഏനാത്ത്, അഷ്‌റഫ് പ്രാവച്ചമ്പലം, എസ് പി അമീറലി സംസാരിച്ചു.

Tags: