സ്വര്‍ണകടത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം; 10ന് കണ്ണൂര്‍ കലക്ട്രേറ്റ് മാര്‍ച്ച് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും

Update: 2022-06-08 14:29 GMT

കണ്ണൂര്‍: സ്വര്‍ണകടത്തു കേസില്‍ മുഖ്യമന്ത്രിയും കുടുംബവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ഗുരുതര വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുന്നു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10.30ന് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടക്കുന്ന മാര്‍ച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു.

രാഷ്ട്രീയത്തിനപ്പുറമുള്ള മാഫിയാ പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രിക്കസേരയിലിരുന്ന് പിണറായി വിജയന്‍ നടത്തുന്നതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. പാര്‍ട്ടിയെ തന്റെ വരുതിയിലാക്കി, കണ്ണൂരിലടക്കം പാര്‍ട്ടിക്കു വേണ്ടി ജീവിതം തന്നെ മാറ്റിവെച്ച ആത്മാര്‍ത്ഥയുള്ള നേതാക്കന്മാരെ ഒതുക്കി സ്വന്തം കുടുംബത്തിന്റെ സാമ്പത്തികനേട്ടം മാത്രം നോക്കിയുള്ള കച്ചവടമാണ് പിണറായി വിജയന്‍ നടത്തുന്നത്. രാഷ്ട്രീയ ധാര്‍മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത പിണറായി വിജയനെതിരേ സിപിഎമ്മിന്റെ ആത്മാര്‍ത്ഥയുള്ള സാധാരണ പ്രവര്‍ത്തകരില്‍ നിന്നു തന്നെയാണ് രോഷം ഉയര്‍ന്നു വരേണ്ടത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഉന്നത നേതാക്കളുമായി രഹസ്യഇടപാടുകള്‍ നടത്തിയാണ് ഇത്രയും കാലം തന്റെ മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികളില്‍ നിന്നുള്ള സംരക്ഷണം പിണറായി വിജയന്‍ നേടിയെടുത്തത്. രാജ്യാന്തരബന്ധമുള്ള കള്ളക്കടത്തു കേസുകള്‍ അട്ടിമറിച്ച് പിണറായി വിജയനും ബിജെപി നേതൃത്വവും തുടരുന്ന കള്ളക്കളി തുറന്നു കാട്ടിക്കൊണ്ടായിരിക്കും കോണ്‍ഗ്രസിന്റെ പ്രക്ഷോഭമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പ്രസ്താവനയില്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്‌റ്റേഡിയം കോര്‍ണറിലെ നെഹ്്‌റു പ്രതിമയ്ക്കു സമീപത്തു നിന്ന് പ്രകടനമാരംഭിക്കും. വരുംദിവസങ്ങളില്‍ ജില്ലയിലെങ്ങും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.

Tags:    

Similar News