കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍

Update: 2022-09-24 01:56 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥികള്‍ ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഈ മാസം 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. മല്‍സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. 19ന് വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തും. ഔദ്യോഗിക സ്ഥാനാര്‍ഥിയായ അശോക് ഗെലോട്ടിനെതിരേ ശശി തരൂര്‍ മല്‍സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം, രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സച്ചിന്‍ പൈലറ്റ് ഇന്ന് ഡല്‍ഹിയിലെത്തിയേക്കും.

രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുമ്പോഴാണ് നിര്‍ണായക ചര്‍ച്ചകള്‍ക്കായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കുകയും എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും ഗെലോട്ട് അവസാന നിമിഷം നടത്തിയേക്കാവുന്ന നീക്കങ്ങള്‍ക്ക് തടയിടുകയാണ് സച്ചിന്‍ പൈലറ്റിന്റെ സന്ദര്‍ശന ലക്ഷ്യം. ഔദ്യോഗിക സ്ഥാനാര്‍ഥിയായി മല്‍സര രംഗത്തുള്ള അശോക് ഗെലോട്ടിനും തിരുത്തല്‍വാദി പക്ഷത്തു നിന്ന് മല്‍സരിക്കുന്ന ശശി തരൂരിനും ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ആരംഭിക്കുകയാണ്.

എന്നാല്‍, ശശി തരൂരിന്റെ പാളയത്തില്‍ നിന്ന് തന്നെ മനീഷ് തിവാരിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. നെഹ്‌റു കുടുംബം മല്‍സര രംഗത്ത് നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍ ശശി തരൂരിന് ഭീഷണിയാവുകയാണ് മനീഷ് തിവാരിയുടെ സ്ഥാനാര്‍ഥിത്വം. തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി പറഞ്ഞു. ഒന്നിലധികം ആളുകള്‍ നാമനിര്‍ദേശ പത്രിക നല്‍കിയാല്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നും മിസ്ത്രി പറഞ്ഞു.

Tags:    

Similar News