പത്ത് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ കംപ്ലൈന്റ്‌സ് കമ്മിറ്റികള്‍ രൂപീകരിക്കണം

Update: 2022-03-22 15:50 GMT

തൃശൂര്‍: പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെപ്പറ്റി പരാതികള്‍ സ്വീകരിക്കുന്നതിന് ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 പ്രകാരം തൃശൂര്‍ ജില്ലയില്‍ പുനസംഘടിപ്പിച്ച ജില്ലാതല ലോക്കല്‍ കംപ്ലൈന്റ്‌സ് കമ്മറ്റി യോഗത്തിലാണ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. അല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കും.

പ്രൊഫ. വിമല അധ്യക്ഷയും ഫാദര്‍ ജോര്‍ജ്ജ് പുലികുത്തിയില്‍, ഉഷാ ബിന്ദുമോള്‍, ജയശ്രീ എന്നിവര്‍ അംഗങ്ങളുമായാണ് ജില്ലാതല ലോക്കല്‍ കംപ്ലൈന്റ്‌സ് കമ്മറ്റി പുനസംഘടിപ്പിച്ചത്. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എക്‌സ് ഓഫീഷ്യോ മെമ്പര്‍ ആണ്. നിയമത്തിന് കീഴിലുള്ള അധികാരങ്ങള്‍ വിനിയോഗിക്കുന്നതിനും ചുമതലകള്‍ നിര്‍വഹിക്കുന്നതിനുമായി ജില്ലാ കലക്ടറെയാണ് തദ്ദേശ ജില്ലാ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.

തൃശൂര്‍ ജില്ലയിലെ സിവില്‍ സ്‌റ്റേഷനില്‍ നിയമപ്രകാരമുള്ള ലോക്കല്‍ കംപ്ലൈന്റ്‌സ് കമ്മറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏതെങ്കിലും സ്ഥാപനങ്ങളിലെ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടാവുകയാണെങ്കില്‍ പരാതി നല്‍കുന്നതിനായി കമ്മിറ്റിയെ സമീപിക്കാവുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags:    

Similar News