സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണം; പി ജയരാജനെതിരേ നേതൃത്വത്തിന് ഇ പി അനുകൂലികളുടെ പരാതി പ്രളയം

Update: 2022-12-26 06:12 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജനെതിരേ അനധികൃത സ്വത്ത് സമ്പാദന ആരോപണമുന്നയിച്ചതിന് പിന്നാലെ പി ജയരാജനെതിരേ സിപിഎമ്മില്‍ പരാതി പ്രളയം. ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി ലഭിച്ചു. ഇ പി ജയരാജനെ അനുകൂലിക്കുന്നവരാണ് പരാതി ഉന്നയിച്ചതെന്നാണ് വിവരം. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതില്‍ പാര്‍ട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം. ഇതോടൊപ്പം വടകര ലോക്‌സഭാ സീറ്റില്‍ മല്‍സരിക്കുമ്പോള്‍ ജയരാജന്‍ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി ലഭിച്ചതായാണ് റിപോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവന്‍ പാര്‍ട്ടിക്ക് അടച്ചില്ലെന്നാണ് പരാതി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് ജയരാജനെതിരേ പരാതി നല്‍കിയിരിക്കുന്നത്. ഇ പി ജയരാജനെതിരേ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതിയിലാണ് പി ജയരാജന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് പി ജയരാജനെതിരെയും പരാതികള്‍ പാര്‍ട്ടിക്ക് ലഭിച്ചത്. രേഖാമൂലം ഇ പി ജയരാജനെതിരേ പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചത്.

അങ്ങനെയെങ്കില്‍ ഇ പി കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ മാത്രമേ അന്വേഷണമുണ്ടാവുകയുള്ളൂ. പിബി അനുമതിയോടെ ഇപിക്കെതിരേ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം വരാനാണ് സാധ്യത. അതേസമയം, സിപിഎം സംസ്ഥാന സമിതിയില്‍ ഇ പി ജയരാജനെതിരേ പി ജയരാജന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചശേഷം ഇരുവരും കണ്ടുമുട്ടിയതിന്റെ ദൃശ്യം പുറത്ത്. പാനൂര്‍ കടവത്തൂരില്‍ ലീഗ് നേതാവിന്റെ മകന്റെ കല്യാണത്തിനാണ് ഇരുവരുമെത്തിയത്. പൊട്ടന്‍കണ്ടി അബ്ദുല്ലയുടെ വീട്ടില്‍ ഇരുവരും ഒരുമിച്ചിരുന്ന് സംസാരിക്കുകയും ചെയ്തു.

Tags:    

Similar News