സാബു എം ജേക്കബിനെതിരായ പരാതി; പി വി ശ്രീനിജന്റെ മൊഴിയെടുത്തു

Update: 2022-12-12 11:20 GMT

കൊച്ചി: ട്വന്റി- ട്വന്റി ചീഫ് കോ-ഓഡിനേറ്റര്‍ സാബു എം ജേക്കബിനെതിരായ പരാതിയില്‍ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ മൊഴിയെടുത്തു. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. ജാതീയമായി അധിക്ഷേപിച്ചെന്ന എംഎല്‍എയുടെ പരാതിയില്‍ പട്ടികജാതി പീഡനനിരോധന നിയമപ്രകാരമാണ് പോലിസ് കേസെടുത്തത്. കഴിഞ്ഞ ആഗസ്ത് 17ന് ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കാര്‍ഷിക ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വേദിയില്‍വച്ച് അപമാനിച്ചെന്നാണ് പരാതി. താന്‍ വേദിയിലേക്ക് കയറിയപ്പോള്‍ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ഉള്‍പ്പെടെയുള്ളവര്‍ വേദി വിട്ടു.

സദസിലിരുന്നും ഇവര്‍ അവഹേളനം തുടര്‍ന്നു. സാബു എം ജേക്കബിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ വേദിവിട്ടതെന്നും പരാതിയില്‍ പറയുന്നു. സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കിയും ഡീനാ ദീപക്കിനെ രണ്ടാം പ്രതിയാക്കിയുമാണ് പോലിസ് കേസെടുത്തത്. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെ കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. അതേസമയം, ട്വന്റി- ട്വന്റിയെ നശിപ്പിക്കാനാണ് ശ്രീനിജിന്‍ എംഎല്‍എയുടെ ശ്രമമെന്ന് സാബു എം ജേക്കബ് ആരോപിക്കുന്നു. ആഗസ്ത് ഏട്ടിന് നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ കേസെടുത്തത് ഡിസംബര്‍ എട്ടിനാണ്. വീണുകിട്ടിയ അവസരം കമ്പനിയെ ഇല്ലാതാക്കാനുപയോഗിക്കുകയാണെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തി.

Tags:    

Similar News