കല്‍ക്കരി ക്ഷാമം; പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഇന്ന് അവലോകന യോഗം ചേര്‍ന്നേക്കും

Update: 2021-10-12 05:16 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമം തീവ്രമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇന്ന് വിഷയം വിലയിരുത്തിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ വിവിധ സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ഇരുട്ടിലേക്ക് നീങ്ങാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് മോദിയുടെ ഓഫിസും വിഷയം ഗൗരവത്തിലെടുത്ത് അവലോകനത്തിനൊരുങ്ങുന്നത്. രാജ്യത്ത് കല്‍ക്കരി ക്ഷാമമില്ലെന്നും ക്ഷാമം പ്രതിപക്ഷം ഊതിപ്പെരുപ്പിക്കുന്നതാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ ഇതേവരെയുള്ള നിലപാട്. ഇതേ കുറിച്ച് ആശങ്കയുയര്‍ത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും നേരത്തെ കേന്ദ്രം ഭീഷണി മുഴക്കിയിരുന്നു.

പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, കല്‍ക്കരി, വൈദ്യുതി മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ദേശീയ തലത്തില്‍ കല്‍ക്കരിയുടെ ലഭ്യത ഉറപ്പ് വരുത്തണമെന്ന് ഷാ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു.

തങ്ങളുടെ അധീനതയിലുള്ള കല്‍ക്കരി നിലയങ്ങളില്‍ കല്‍ക്കരിയുടെ ക്ഷാമം രൂക്ഷമാണെന്ന് പല സംസ്ഥാനങ്ങളും കേന്ദ്രത്തിന് സന്ദേശമയച്ചിരുന്നു.

ഞായറാഴ്ച രാജ്യത്തെ വൈദ്യുതി പ്ലാന്റുകളിലേക്ക് 7.2 ദശലക്ഷം ടണ്‍ കല്‍ക്കരി വിതരണം ചെയ്തിട്ടുണ്ടെന്നും കോള്‍ ഇന്ത്യയില്‍ 40 ദശലക്ഷം ടണ്‍ കല്‍ക്കരി കരുതലുണ്ടെന്നും കല്‍ക്കരി മന്ത്രാലയം അവകാശപ്പെട്ടു. 

Tags:    

Similar News