മുഖ്യമന്ത്രി മുസ്‌ലിംകള്‍ക്കെതിരെയുള്ള ഹാലിളക്കം അവസാനിപ്പിക്കണം; ഇമാംസ് കൗണ്‍സില്‍

ഹിന്ദുത്വ ഭരണകൂടത്തെ പ്രീണിപ്പിച്ച് തന്റെ അധികാരം നിലനിര്‍ത്താനും തനിക്കെതിരായ കേന്ദ്ര നീക്കങ്ങളില്‍ നിന്നും രക്ഷപ്പെടാനുമാണ് പിണറായിയുടെ ഈ ഹാലിളക്കം.

Update: 2019-12-19 06:33 GMT

തിരുവനന്തപുരം: ഭരണപരാജയവും സര്‍ക്കാരിന്റെ വര്‍ഗീയ നിലപാടും മറച്ചുവെക്കാന്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരേ പിണറായി വിജയന്‍ നടത്തുന്ന പ്രസ്താവന ചിത്തഭ്രമം മൂലമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്‌വി പ്രസ്താവനയില്‍ പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാവോവാദികളും ഇസ് ലാമിക വര്‍ഗീയവാദികളും കൈകോര്‍ക്കുകയാണെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഡി വൈ എഫ്‌ഐ പഠന ക്ലാസ്സില്‍ പറഞ്ഞത്.

ഹിന്ദുത്വ ഭരണകൂടത്തെ പ്രീണിപ്പിച്ച് തന്റെ അധികാരം നിലനിര്‍ത്താനും തനിക്കെതിരായ കേന്ദ്ര നീക്കങ്ങളില്‍ നിന്നും രക്ഷപ്പെടാനുമാണ് പിണറായിയുടെ ഈ ഹാലിളക്കം. കഴിഞ്ഞ ദിവസം പൗരത്വ നിഷേധത്തിനെതിരേ മുസ്‌ലിം പിന്നാക്ക രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ച മുഖ്യമന്ത്രി, മുസ്‌ലിം വിരോധത്തില്‍ സംഘപരിവാരത്തോട് മല്‍സരിക്കുകയാണ്.

രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിംകളെയും പിന്നാക്ക ജനതയെയും വിമോചിപ്പിക്കാന്‍ സിപിഎം ഉള്‍പ്പെടെയുള്ള സാമ്പ്രദായിക പാര്‍ട്ടികളുടെ കൈവശം യാതൊരു രാഷ്ട്രീയ പരിഹാരവും ഇല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞ് മുസ്‌ലിംകള്‍ അവരുടെ സ്വത്വവും വിമോചനാത്മകമായ ഇസ്‌ലാമിക രാഷ്ട്രീയസിദ്ധാന്തവും ഉയര്‍ത്തിപ്പിടിച്ച് വിശാലമായ ജനാധിപത്യ രാഷ്ട്രീയപോരാട്ട കൂട്ടായ്മകള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെ ആര്‍എസ്എസിന്റെ അതേ ഭാഷയില്‍ നേരിടുന്നതിലൂടെ താന്‍ 'കമ്യൂണിസ്റ്റല്ല; കമ്യൂണലിസ്റ്റാണെ' ന്ന് തെളിയിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്.

ഹിന്ദുത്വ ഭീകര രാഷ്ട്രീയം കിരാതവാഴ്ച നടത്തുമ്പോള്‍ ഇരകളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി നിലയുറപ്പിക്കേണ്ട കമ്യൂണിസ്റ്റ് പാര്‍ട്ടി മര്‍ദ്ദകര്‍ക്കും ചൂഷകര്‍ക്കും ചൂട്ടുപിടിക്കുന്നത് കേരള ജനത തിരിച്ചറിയുന്നുണ്ട്. മര്‍ദ്ദകര്‍ക്കും ചൂഷകര്‍ക്കുമെതിരേ സമരം ചെയ്യുക എന്ന ഇസ്‌ലാമിന്റെ സമര സങ്കല്പത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ക്കാണ് കഴിയുക. അതു കൊണ്ടാവണം മുസ്‌ലിം രാഷ്ട്രീയ കൂട്ടായ്മകളിലേക്ക് കമ്യൂണിസ്റ്റുകള്‍ കൂടുതല്‍ ആകൃഷ്ടരാവുന്നതും. അവരെ മാവോയിസ്റ്റുകളെന്ന് വിളിച്ച് ഭയപ്പെടുത്തുന്നതിനു പകരം വര്‍ഗീയതയിലൂന്നിയ സ്വന്തം നിലപാട് തിരുത്തുന്നതാണ് സിപിഎമ്മിന് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News