ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്ലാസ്മാ ബാങ്ക് ഉദ്ഘാടനം ചെയ്തു

Update: 2020-07-16 00:59 GMT

ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഒഡീഷയിലെ ആദ്യ പ്ലാസ്മാ ബാങ്ക് ഉദ്ഘാടനം ചെയ്തു. കട്ടക്ക് എസ് സി ബി മെഡിക്കല്‍ കോളജിലാണ് പ്ലാസ്മാ ബാങ്ക് സജ്ജീകരിച്ചിട്ടുളളത്.

ഡല്‍ഹിയും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ പ്ലാസ്മാ ബാങ്കുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ഒഡീഷ. സംസ്ഥാനത്തുള്ളവര്‍ക്ക് ഏറ്റവും മികച്ചതും ആധുനികവുമായ ചികില്‍സ നല്‍കുന്നതില്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പറഞ്ഞു.

ഓരോരുത്തരുടെയും ജീവന്‍ വിലമതിക്കാനാവാത്തതാണ്. ഒരാളുടെ ജീവന്‍ രക്ഷക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്യും. ഒഡീഷയിലെ ജനങ്ങള്‍ക്ക് പ്ലാസ്മാ തെറാപ്പി സൗജന്യമായി ലഭ്യമാക്കും. ഉയര്‍ന്ന നിലവാരത്തിലുളള ചികില്‍സ സംസ്ഥാനത്തുള്ള എല്ലാവര്‍ക്കും നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ കാലത്ത് ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അനുഷ്ടിക്കുന്ന സേവനം വിലമതിക്കാത്തതാണെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

പ്ലാസ്മാദാനം നടത്താന്‍ തയ്യാറായവരെ മുഖ്യമന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു. കൊവിഡ് ഭേദമായവരോട് പ്ലാസ്മ നല്‍കാന്‍ ധീരതയോടെ മുന്നോട്ട് വരാനും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

Tags:    

Similar News