'നിക്ഷേപ സൗഹൃദമല്ല എന്നത് കേരളത്തിനെതിരായ വാദമാണ്, ഇത് അപമാനിക്കാനുള്ള ആസൂത്രിത നീക്കം'- മുഖ്യമന്ത്രി

നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. എന്നാല്‍ അതിന്റെ പേരില്‍ ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2021-07-10 14:29 GMT

തിരുവനന്തപുരം: സംസ്ഥാനത്തിനെതിരേ ഒരുപാട് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റക്‌സ് എംഡിയുടെ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളം നിക്ഷേപത്തിന് അനുകൂലമല്ല എന്നു പറഞ്ഞു പരത്തുന്നു. അത് ഈ നാട് നിരാകരിച്ചിട്ടുണ്ട്. വ്യവസായികള്‍ കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കാണുന്നത്. കേരളം നിക്ഷേപ സൗഹൃദമല്ല എന്നത് കേരളത്തിനെതിരായ വാദമാണ്. ഇത് അപമാനിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ഒറ്റപ്പെട്ട എന്തെങ്കിലും കണ്ടിട്ട് മുന്നോട്ട് പോകുന്നത് ശരിയല്ല. ഇത് നാടിന്റെ മുന്നോട്ട് പോക്കിനെ തകര്‍ക്കും. നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. അതിന്റെ പേരില്‍ വേട്ടയാടലില്ല. ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

ദേശീയ തലത്തിലെടുത്താല്‍ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളം. നിതി ആയോഗിന്റെ വിലയിരുത്തലില്‍ കേരളം 75 സ്‌കോറാണ് രേഖപ്പെടുത്തിയത്. നീതി ആയോഗിന്റെ മറ്റൊരു സൂചികയിലും കേരളം മികച്ചു നില്‍കുന്നുണ്ട്. 2016 മുതല്‍ സംസ്ഥാനത്തിന്റെ വ്യവസായ നിക്ഷേപ അനുകൂല നയത്തിന്റെ ഭാഗമായി വ്യവസായ തര്‍ക്ക പരിഹാര സമിതി ജില്ലാ തലങ്ങളില്‍ രൂപീകരിച്ചു.

സംസ്ഥാനത്ത് വ്യവസായ നിക്ഷേപ നടപടികള്‍ ലളിതമാക്കിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ അപേക്ഷകള്‍ തീര്‍പ്പാക്കും. സാക്ഷ്യപ്പത്രം മാത്രം നല്‍കി വ്യവസായം ആരംഭിക്കാന്‍ കഴിയും. 100 കോടി വരെയുള്ള നിക്ഷേപത്തിന് ഒരാഴ്ചക്കകം അനുമതി ലഭിക്കും. വ്യവസായ ലൈസന്‍സിന്റെ കാലാവധി അഞ്ചു വര്‍ഷമായി ദീര്‍ഘിപ്പിച്ചു. വ്യവസായം ആരംഭിക്കാന്‍ ഏകജാലക സംവിധാനം ആരംഭിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News