പാരിസ്ഥിതിക ചര്‍ച്ചകളുമായി കാലാവസ്ഥാ വ്യതിയാന അസംബ്ലിയില്‍ കുട്ടികളും യുവാക്കളും ഒത്തുചേരുന്നു

Update: 2022-05-18 18:21 GMT

തിരുവനന്തപുരം: പാരിസ്ഥിതിക അവബോധത്തിന്റെ പുതുബോധ്യങ്ങള്‍ സംസ്ഥാനത്തെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പകരാനുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന നിയമസഭയും യുനിസെഫും പങ്കാളികളാവുന്നു. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള മേഖലകള്‍ ചര്‍ച്ചാവിഷയമാവുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും കാലാവസ്ഥാ അസംബ്ലി 'നാമ്പ്' എന്ന പേരില്‍ ജൂണ്‍ ആറിന് സംസ്ഥാന നിയമസഭാ മന്ദിരത്തില്‍ നടക്കും.


 കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് നേതൃത്വം നല്‍കുന്ന കാലാവസ്ഥാ അസംബ്ലി പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം, റവന്യു (ദുരന്ത നിവാരണം), ആരോഗ്യം, തദ്ദേശ സ്വയംഭരണം, വനിതാ ശിശു വികസന വകുപ്പുകളുടെയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസിന്റെയും പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്.

നവകേരള യുവതയുടെ പാരിസ്ഥിതിക ബോധ്യങ്ങള്‍ കൂടുതല്‍ ദീപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാലാവസ്ഥാ അസംബ്ലി സംഘടിപ്പിക്കുന്നതെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനത്തെയും അനുബന്ധ വിഷയങ്ങളെയും കുറിച്ച് സംവദിക്കാനും മനസ്സിലാക്കാനും അസംബ്ലിയിലൂടെ വേദിയൊരുങ്ങും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങളും തുടര്‍ നടപടികളും ചര്‍ച്ച ചെയ്യുന്നതിന് വിവിധ തലങ്ങളില്‍ വേദിയുണ്ടാകുക എന്നത് സുപ്രധാനമാണ്. ഇത്തരം വേദി ആഴത്തിലുള്ള പഠനം, ചര്‍ച്ച, വിശകലനം എന്നിവ ത്വരിതപ്പെടുത്തും. കാലാവസ്ഥാ അസംബ്ലിക്കുശേഷം നടത്താന്‍ ആലോചിക്കുന്ന ജില്ലാതല അസംബ്ലികള്‍ സംസ്ഥാന വ്യാപകമായി ഇത്തരം അറിവും ബോധ്യവും കൂടുതല്‍ കുട്ടികളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അസംബ്ലിയുടെ ലോഗോ, ഭാഗ്യചിഹ്നം എന്നിവയും സ്പീക്കര്‍ പ്രകാശനം ചെയ്തു. ഭൂഗോളത്തിന് മുകളിലിരിക്കുന്ന കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലാണ് അസംബ്ലിയുടെ ഭാഗ്യചിഹ്നം. ആഗോളദിനാചരണത്തിന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യമായ ഒരേ ഒരു ഭൂമി 'എന്നതാണ് അസംബ്ലിയുടെയും മുദ്രാവാക്യം. ആഗോള തലത്തില്‍ കാലാവസ്ഥാ വ്യതിയാനം ഉളവാക്കുന്ന പ്രത്യാഘാതങ്ങള്‍ ഉള്‍ക്കൊണ്ട് സാമൂഹിക പിന്തുണയോടെയുളള നടപടികള്‍ കേരളം സ്വീകരിച്ചുവരുന്നതായി യുനിസെഫ് കേരളാ തമിഴ്‌നാട് ഓഫിസ് സോഷ്യല്‍ പോളിസി ചീഫ് കെ. എല്‍. റാവു പറഞ്ഞു.

സംസ്ഥാനത്തിന്റെ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളും ദുരന്ത ലഘൂകരണ നടപടികളും ശക്തിപ്പെടുത്താനായുളള കുട്ടികളുടെയും യുവജനങ്ങളുടെയും കാലാവസ്ഥാ അസംബ്ലിക്ക് പിന്തുണ നല്‍കുന്നതില്‍ യുനിസെഫിന് സന്തോഷമുണ്ട്. നയരൂപീകരണം നടത്തുന്നവര്‍, അക്കാദമിക രംഗത്തുള്ളവര്‍, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, യുവജനങ്ങള്‍ തുടങ്ങിയവരുടെ അര്‍ത്ഥവത്തായ സംവാദങ്ങളിലൂടെ തുടര്‍നടപടികള്‍ നിര്‍ദേശിക്കുന്ന തരത്തിലാണ് അസംബ്ലി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

അസംബ്ലിയില്‍ പങ്കെടുക്കുന്നവരെല്ലാം ആരോഗ്യകരവും സുസ്ഥിരവുമായ പരിസ്ഥിതി എന്ന അവകാശം സംരക്ഷിക്കുന്നതിനായുള്ള സത്വര നടപടികള്‍ക്കായി കൈ കോര്‍ക്കണം. കേരള ഗവണ്‍മെന്റ് നേതൃത്വം നല്‍കുന്ന കാലാവസ്ഥാ നടപടികളെ പിന്തുണയ്ക്കാന്‍ യുനിസെഫ് സന്നദ്ധമാണെന്നും റാവു കൂട്ടിച്ചേര്‍ത്തു.

പാരിസ്ഥിതിക വിഷയങ്ങളിലുള്ള അവബോധവും ഈ മേഖലയില്‍ യുവാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കാലാവസ്ഥാ അസംബ്ലി സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള ആശയങ്ങള്‍ക്ക് രൂപം നല്‍കുകയോ പ്രവര്‍ത്തന മികവ് കാട്ടുകയോ ചെയ്തിട്ടുള്ള കുട്ടികളെയും യുവാക്കളെയും അസംബ്ലി ഒരുമിച്ച് ചേര്‍ക്കും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ശാസ്ത്ര സാമൂഹിക സാമ്പത്തിക മാനങ്ങളും ഓരോ തലങ്ങളിലും സ്വീകരിക്കാവുന്ന നടപടികളും അസംബ്ലി ചര്‍ച്ച ചെയ്യും. കാലാവസ്ഥാ വ്യതിയാനം കേരളത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, ഐപിസിസി റിപ്പോര്‍ട്ടുകളും അനുബന്ധ പ്രവര്‍ത്തനങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ നടത്തുന്ന ഓപ്പണ്‍ ഹൗസ് ചര്‍ച്ചകളും അസംബ്ലിയുടെ ഭാഗമാണ്. പാരിസ്ഥിതിക രംഗത്തെ വിജയമാതൃകകളും നൂതനസംരഭങ്ങളും ഉള്‍പ്പെടുത്തിയുള്ള വൈജ്ഞാനിക കേന്ദ്രങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

കാലാവസ്ഥാ അസംബ്ലിയില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ക്വിസ്, മൊബൈല്‍ ഫോണ്‍ ഫൊട്ടോഗ്രാഫി മത്സരങ്ങള്‍ നടത്തും. 14 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി ക്വിസ് മത്സരവും 1924 പ്രായപരിധിയിലുള്ളവര്‍ക്കായി മൊബൈല്‍ ഫൊട്ടോഗ്രഫി മത്സരവും നടത്തിയാണ് കാലാവസ്ഥാ അസംബ്ലിയില്‍ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നത്. ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ http://keralaclimateassembly2022.org/ എന്ന വെബ്‌സൈറ്റ് ഉപയോഗിച്ച് ഈ മാസം 20 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. മല്‍സരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതേ ദിവസം മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാവും.

കാലാവസ്ഥാ അസംബ്ലിയില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി പങ്കെടുക്കാം. ഇതിനായുള്ള ലിങ്കുകള്‍ മേല്‍പ്പറഞ്ഞ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കും. മൊബൈല്‍ ഫോട്ടോഗ്രഫി മല്‍സരത്തിനായി അയക്കുന്ന ഫോട്ടോകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവ ചേര്‍ത്തുള്ള ഫോട്ടോ പ്രദര്‍ശനവും അസംബ്ലി വേദിയില്‍ നടക്കും.

കാലാവസ്ഥാ അസംബ്ലിക്ക് മുന്നോടിയായി ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വിവിധ സൈക്ലിങ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ സൈക്കിള്‍ റാലിയും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സ്പീക്കര്‍ എം ബി രാജേഷ്, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണന്‍ നായര്‍, യുനിസെഫ് ഡിസാസ്റ്റര്‍ റിസ്‌ക്ക് ആന്‍ഡ് റിസീലീയന്‍സ് ഓഫിസര്‍ ഡോ.മഹേന്ദ്ര രാജാറാം എന്നിവര്‍ പങ്കെടുത്തു.

Tags: