പുന്നപ്രയില്‍ സിപിഎം ലോക്കല്‍ സമ്മേളനത്തിലെ തര്‍ക്കത്തെതുടര്‍ന്ന് സംഘര്‍ഷം; ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് പേര്‍ക്ക് പരിക്ക്, കേസെടുക്കാതെ പോലിസ്

സമ്മേളനത്തില്‍ വിമത വിഭാഗത്തെ പിന്തുണയ്ക്കാത്തതിനാണ് മര്‍ദ്ദനമെന്ന് പരിക്കേറ്റവര്‍ പറയുന്നു.

Update: 2021-11-23 00:55 GMT

ആലപ്പുഴ: പുന്നപ്രയില്‍ സിപിഎം ലോക്കല്‍ സമ്മേളനത്തിലെ തര്‍ക്കത്തിനു പിന്നാലെ സംഘര്‍ഷം.വീടുകയറിയുള്ള ആക്രമണത്തില്‍ ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേര്‍ക്ക് പരിക്ക്. സമ്മേളനത്തില്‍ വിമത വിഭാഗത്തെ പിന്തുണയ്ക്കാത്തതിനാണ് മര്‍ദ്ദനമെന്ന് പരിക്കേറ്റവര്‍ പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന, പുന്നപ്ര തെക്ക് ലോക്കല്‍ സമ്മേളനത്തില്‍ ഔദ്യോഗിക വിഭാഗം പരാജയപ്പെട്ടിരുന്നു. ബദല്‍ പാനലാണ് കമ്മിറ്റി പിടിച്ചത്. അന്ന് മുതല്‍ പാര്‍ട്ടിക്കുള്ളില്‍ പ്രാദേശികമായി തര്‍ക്കം രൂക്ഷമാണ്. ഇതിനു പിന്നാലെയാണ്, ഔദ്യോഗിക വിഭാഗത്തിന് ഒപ്പം നിലയുറപ്പിച്ചതിന്റെ പേരില്‍ ഫ്രെഡിക്കും ജാക്‌സണനും മര്‍ദ്ദനമേറ്റത്.നാല് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ ആറംഗം സംഘം, മാരകായുധങ്ങളുമായി മര്‍ദ്ദിച്ചെന്നാണ് ഇവര്‍ പറയുന്നത്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് മൊഴി എടുത്തെങ്കിലും കേസ് എടുത്തിട്ടില്ല. വിഭാഗഗീയത രൂക്ഷമാകാതിരിക്കാന്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് അനുനയ നീക്കങ്ങള്‍ നടത്തുന്നുണ്ട്.

അതേസമയം, സംഭവം നടന്ന് രണ്ട് ദിവസം ആകുമ്പോഴും പോലിസ് കേസ് എടുക്കാന്‍ തയ്യാറാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷമുണ്ട്.

Tags:    

Similar News