പൗരത്വ ഭേദഗതി ബില്ല്: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തം

മതവിശ്വാസമനുസരിച്ച് പൗരത്വം നിര്‍വചിച്ചുകൊണ്ടുള്ള പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റിന്റെ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് നീക്കം.

Update: 2019-11-20 18:13 GMT

ഗുവാഹത്തി: പൗരത്വ ബില്ലിനെ ചൊല്ലി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വീണ്ടും പ്രതിഷേധച്ചൂടിലേക്ക്. മുന്‍ മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭയില്‍ തകര്‍ന്നുവീണ പൗരത്വ ഭേദഗതി ബില്ല് വീണ്ടും അവതരിപ്പിക്കാനുള്ള നീക്കം പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിഷേധങ്ങള്‍ പുനരാരംഭിച്ചത്. മതവിശ്വാസമനുസരിച്ച് പൗരത്വം നിര്‍വചിച്ചുകൊണ്ടുള്ള പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റിന്റെ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് നീക്കം.

1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്ത് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ബുദ്ധ, ജൈന, പാര്‍സി, സിക്ക്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാനാണ് ബില്ലിലൂടെ ശ്രമം. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ നിന്ന് മതപീഡനത്തെ തുടര്‍ന്ന് രാജ്യം വിടേണ്ടിവന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയാണ് ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.

കഴിഞ്ഞ ലോക്‌സഭയില്‍ പൗരത്വ ഭേദഗതി നിയമം പാസായെങ്കിലും രാജ്യസഭയില്‍ പരാജയപ്പെടുകയായിരുന്നു. ഈ നിയമം അവതരിപ്പിക്കാന്‍ തീരുമാനിച്ചതു മുതല്‍ വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധമുയര്‍ന്നു. അസമിലാണ് പ്രതിഷേധം ശക്തമായത്. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിമേതര അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നത് അസം കരാറിന്റെ ലംഘനമാണെന്നായിരുന്നു വാദം. അസം കരാറനുസരിച്ച് 1971 മാര്‍ച്ച് 24 ശേഷം രേഖകളില്ലാതെ രാജ്യത്തെത്തിയവരെയാണ് അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കുന്നത്. എന്നാല്‍ പുതിയ ഭേദഗതിയനുസരിച്ച് 2014 ഡിസംബര്‍ 31 നുള്ളില്‍ രാജ്യത്തെത്തിയ ഹിന്ദു, ക്രിസ്ത്യന്‍, പാര്‍സി, ജൈന, ബുദ്ധ, സിഖ് വിഭാഗങ്ങള്‍ക്ക് പൗരത്വം ലഭിക്കും. അതിനര്‍ത്ഥം നിയമാനുസൃതമല്ലാതെ രാജ്യത്ത് പ്രവേശിക്കുന്ന ആറ് മതവിഭാഗങ്ങളില്‍ പെട്ട കുടിയേറ്റക്കാര്‍ക്ക് ഈ ഭേദഗതി, പൗരത്വം വ്യവസ്ഥചെയ്യുമെന്നാണ്.

1955 ലെ പൗരത്വ നിയമമനുസരിച്ച് ഇന്ത്യയില്‍ ജനിക്കുന്ന, ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന, ഒരു പ്രത്യേക കാലയളവില്‍ ഇന്ത്യയില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും പൗരത്വം ലഭിക്കും. എന്നാല്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിക്കുന്നവര്‍ക്ക് പൗരത്വം ലഭിക്കുകയില്ലെന്ന് നിയമം വ്യവസ്ഥചെയ്യുന്നു. നിയമാനുസൃതമായ രേഖകളില്ലാതെ, അനുവദിച്ചതില്‍ കൂടുതല്‍ കാലം രാജ്യത്ത് താമസിക്കുന്ന ആരും ഈ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരാണ്. അങ്ങനെയുള്ളവര്‍ 1946 ലെ ഫോറിനേഴ്‌സ് ആക്റ്റും 1920 ലെ പാസ്‌പോര്‍ട്ട് ആക്റ്റും അനുസരിച്ച് ജയില്‍വാസം അനുഷ്ടിക്കേണ്ടിവരികയോ നാടുകടത്തപ്പെടുകയോ ചെയ്യാം.

എന്നാല്‍ 2015, 2016 കാലത്ത് അന്നത്തെ മോദി സര്‍ക്കാര്‍ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ജൈന, ബുദ്ധ തുടങ്ങി 6 മതവിഭാഗങ്ങളിലുള്ള പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവനുവദിച്ചു. അതനുസരിച്ച് ഈ മതവിഭാഗങ്ങളില്‍ പെട്ടവരെ 2014 ഡിസംബര്‍ 31 നു ശേഷമാണെങ്കില്‍ മാത്രമേ അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കൂ. അതിന്റെ ഭാഗമായിരുന്നു 1955 ലെ നിയമം ഭേദഗതി ചെയ്യാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്.

2016 ജൂലൈ 9 നാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. 2016 ആഗസ്റ്റ് 12 ന് ലോക്‌സഭ അത് സംയുക്ത പാര്‍ലമെന്റ് കമ്മിറ്റിക്ക് അയച്ചു. 2019 ജനുവരി 7 ന് കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചു. 2019 ജനുവരി 8 ന് ലോക്‌സഭ ബില്ല് പാസ്സാക്കി. തുടര്‍ന്ന് രാജ്യസഭയുടെ ബജറ്റ് സെഷനില്‍ ചര്‍ച്ചക്കെടുത്തു. പക്ഷേ, 2019 ജൂണ്‍ 3 ന് ലോക്‌സഭ പിരിച്ചുവിട്ടതോടെ ബില്ല് ലാപ്‌സായി.

ഈ ലോക്‌സഭയില്‍ ഈ സമ്മേളന കാലയളവില്‍ തന്നെ ബില്ല് വീണ്ടും പരിഗണനക്ക് വരുമെന്ന വാര്‍ത്ത ദേശീയതലത്തില്‍ പ്രചരിച്ചത്തോടെയാണ് വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലെ ഏഴ് സംസ്ഥാന തലസ്ഥാനങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. പ്രതിഷേധക്കാര്‍ മോദിവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുക മാത്രമല്ല, മോദിയുടെ കോലവും കത്തിച്ചു. അസം കരാര്‍ നടപ്പാക്കണമെന്നും വര്‍ഗീയ ബില്ലിനെ ചെറുക്കുണമെന്നും പ്രതിഷേധക്കാരുടെ ആവശ്യം.

പുതിയ ബില്ല് അസമിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നും അസമിലെ സമുദായങ്ങളെ സംരക്ഷിക്കുമെന്നുമാണ് ബിജെപിയുടെ പ്രചാരണം. ബിജെപിയെ സംബന്ധിച്ചിടത്തോളം വോട്ട് ബാങ്ക് സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് ബില്ലെന്ന് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്ന ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ സമുജ്ജല്‍ ഭട്ടാചാര്‍ജി അഭിപ്രായപ്പെട്ടു. അസമിന് പുറമെ മണിപ്പൂര്‍ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. 

Tags:    

Similar News