പഠന പ്രക്രിയകളില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം, അതാണ് റൂള്‍; സൂംബ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളില്‍ കുട്ടികള്‍ അല്‍പ വസ്ത്രം ധരിച്ചല്ല, മറിച്ച് യൂണിഫോമില്‍ ആണ് വ്യായാമ പ്രക്രിയകള്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു

Update: 2025-06-28 06:18 GMT
പഠന പ്രക്രിയകളില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം, അതാണ് റൂള്‍; സൂംബ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട്: സൂംബ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ സ്‌കൂളുകളില്‍ സൂംബ, ഏറോബിക്‌സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങള്‍ നടപ്പാക്കുന്നതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. ആര്‍ടിഎഫ് റൂള്‍ പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകള്‍ക്ക് കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും അക്കാര്യത്തില്‍, രക്ഷിതാവിന്റെ നിര്‍ദേശത്തിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു.

കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് കുട്ടിയെ ഉന്മേഷഭരിതനാക്കുകയും ഊര്‍ജ്ജസ്വലനാക്കുകയും ചെയ്യും. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലേക്കും അതു വഴി പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ശോഭിക്കാനും സഹായിക്കും. കൂടാതെ, ഈ പ്രവര്‍ത്തനങ്ങള്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടത്തുന്നത്. അത് മനസിലാക്കാതെ, എതിര്‍പ്പുകള്‍ ഉന്നയിക്കുന്നത് ലഹരിയെക്കാള്‍ മാരകമായ വിഷമാണെന്നും അത് വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും വളം വക്കുമെന്നും മന്ത്രി പറഞ്ഞു.

ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള കായിക മല്‍സരങ്ങളില്‍ കായിക ഇനങ്ങള്‍ക്ക് വ്യക്തമായ ഡ്രസ്സ് കോഡ് നിലവിലുണ്ട്. ഫുട്‌ബോള്‍, വോളിബോള്‍, സ്വിമ്മിംഗ് തുടങ്ങിയവ ഉദാഹരണമായെടുത്താല്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ ഇൗ ഇനങ്ങളില്‍ പങ്കെടുക്കുന്നത് ഡ്രസ്സ് കോഡ് പാലിച്ചല്ലേയെന്നും മന്ത്രി ചോദിച്ചു. സ്‌കൂളില്‍ കുട്ടികള്‍ അല്‍പ വസ്ത്രം ധരിച്ചല്ല, മറിച്ച് യൂണിഫോമില്‍ ആണ് വ്യായാമ പ്രക്രിയകള്‍ ചെയ്യുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Tags:    

Similar News