അങ്കണവാടി കെട്ടിടമിടിഞ്ഞ് പരിക്കേറ്റ കുട്ടിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ബാലാവകാശ കമ്മിഷന്‍

Update: 2022-11-17 03:23 GMT

കോട്ടയം: വൈക്കത്ത് അങ്കണവാടി കെട്ടിടമിടിഞ്ഞു കുട്ടിക്കു ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ച് ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. കമ്മിഷന്‍ അംഗങ്ങളായ പി ശ്യാമളാദേവി, സി വിജയകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയ നടപടി സ്വീകരിച്ച് ഉത്തരവായത്. അങ്കണവാടികള്‍ക്ക് കെട്ടിടങ്ങള്‍ വാടകക്ക് എടുക്കുമ്പോള്‍ സുരക്ഷിതവും കെട്ടുറപ്പും ഉറപ്പുവരുത്തുകയും കെട്ടിടങ്ങളുടെ നിലവിലെ വാടക മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിന് നടപടി സ്വീകരിക്കുകയും വേണം.

ഉത്തരവില്‍ സ്വീകരിച്ച നടപടി റിപോര്‍ട്ട് 60 ദിവസത്തിനകം ലഭ്യമാക്കാനും വനിത ശിശു വികസന വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും കമ്മിഷന്‍ നിര്‍ദേശം നല്‍കി. പരിക്കേറ്റ കുട്ടി 11 ദിവസം തീവ്രപരിചരണ വിഭാഗത്തിലും തുടര്‍ന്ന് ഓര്‍ത്തോ വിഭാഗത്തിലും ചികില്‍സ തേടിയിരുന്നു. കുട്ടിക്ക് തുടര്‍ചികില്‍സയും ആവശ്യമായി വന്നു. കുട്ടി അനുഭവിച്ച മാനസിക ശാരീരിക വേദനയും മാതാപിതാക്കളുടെ തൊഴില്‍ നഷ്ടവും മാനസിക വിഷമതകളും പരിഗണിച്ച കമ്മീഷന്‍ 2005 ലെ ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുളള നിയമങ്ങള്‍ വകുപ്പ് 15 പ്രകാരമാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Tags: