തുടര്‍ചികില്‍സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്

ഈ മാസം 15 മുതല്‍ 29വരെയാണ് മുഖ്യമന്ത്രി ചികില്‍സക്കായി അമേരിക്കയില്‍ തങ്ങുന്നത്

Update: 2022-01-06 10:57 GMT

തിരുവനന്തപുരം: തുടര്‍ചികില്‍സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോകും. ഈ മാസം 15ന് യാത്ര തിരിക്കും. ജനുവരി 29വരെയാണ് ചികില്‍സ. ഭാര്യ കമല, പെഴ്‌സനല്‍ സെക്രട്ടറി പിഎ സുനീഷ് എന്നിവര്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടാവും. മയോ ക്ലിനിക്കിലാണ് ചികില്‍സയ്ക്കായി പോകുന്നത്.

മുഖ്യമന്ത്രിയോട് തുടര്‍പരിശോധനയ്ക്ക് എത്തണമെന്ന് മയോ ക്ലിനിക്ക് നിര്‍ദ്ദേശിച്ചിരുന്നു. 2021 ഒക്ടോബറില്‍ അദ്ദേഹം അമേരിക്കയിലേക്ക് പോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, കൊവിഡ് പ്രതിസന്ധി കാരണം ഇത് നീളുകയായിരുന്നു. ചികില്‍സാ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും.

നേരത്തെ മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികില്‍സക്കായി പോയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട. അതേസമയം, പകരം ചുമതല ആര്‍ക്ക് എന്ന കാര്യം വ്യക്തമല്ല.

Tags: