ഉദ്യോഗാര്‍ഥികളുടെ സമരം: ഉമ്മന്‍ ചാണ്ടിക്കെതിരേ മുഖ്യമന്ത്രി, നിയതമായ രൂപത്തില്‍ മാത്രമെ സര്‍ക്കാരിന് പോകാന്‍ കഴിയൂ; ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി

മാണി സി കാപ്പന്‍ എല്‍ഡിഎഫിനെയും തിരഞ്ഞെടുത്ത ജനത്തെയും വഞ്ചിച്ചു

Update: 2021-02-16 14:21 GMT

തിരുവനന്തപുരം: ഉദ്യോഗാര്‍ഥി സമരത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ മുഖ്യമന്ത്രി കടുത്ത വിമര്‍ശനമുന്നയിച്ചു. യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികളുടെ കാല് പിടിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയാണെന്നും അദ്ദേഹം ചെയ്തു വച്ച കുഴപ്പങ്ങള്‍ കൊണ്ടാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ അനുഭവിക്കേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുട്ടിലിഴയേണ്ടത് മറ്റാരുമല്ലെന്നും താന്‍ തന്നെയാണെന്നും അദ്ദേഹം കുറ്റം ഏറ്റുപറയണമെന്നും മുഖ്യമന്ത്രി വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു.

2002 ലെ യുഡിഎഫ് തീരുമാനം തന്നെ പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്നും എല്‍ജിഎസ് നിയമനങ്ങള്‍ കുറക്കണമെന്നുമായിരുന്നു. ഇങ്ങനെയുള്ള സമീപനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ കക്ഷികളുടെ ദുഷ്ടലാക്കില്‍ ഉദ്യോഗാര്‍ഥികള്‍ പെട്ടുപോകരുത്. നിയതമായ രൂപത്തില്‍ മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. കലാവധി കഴിഞ്ഞ സിപിഒ റാങ്ക് ലിസ്റ്റ് എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്നത്. ലിസ്റ്റിലുള്ള എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കാനും സാധ്യതല്ല. അതുകൊണ്ട് ഉദ്യോഗാര്‍ഥികള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എന്നാല്‍ മരവിപ്പിച്ച റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കാന്‍ പിഎസ്‌സി നിയമമുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ എന്തുകൊണ്ട് ഉദ്യോഗാര്‍ഥികളെ വിളിച്ച് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല എന്ന ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായി മറുപടി നല്‍കിയില്ല.

മാണി സി കാപ്പന്‍ തിരഞ്ഞെടുത്ത് ജനത്തെയും നാട്ടുകാരെയും വഞ്ചിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത് എല്‍ഡിഎഫിനോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അന്തരം നേര്‍ത്തുവരുകയാണെന്ന് മുഖ്യമന്ത്രി. എല്‍ദോസ് കുന്നപ്പള്ളിയുടെ രാമക്ഷേത്ര വിവാദത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആര്‍എസ്എസ് ഉയര്‍ത്തുന്ന നിലപാടുകള്‍ക്ക് അംഗീകാരം നല്‍കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: