ദീപികയുടെ ഛപാകിന് നികുതിയിളവ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍

എല്ലാവരും കുടുംബസമേതം ചിത്രം കാണണമെന്നും സ്ത്രീകള്‍ക്കുനേരെയുള്ള ആസിഡ് ആക്രമണങ്ങള്‍ക്കെതിരായ സന്ദേശം നല്‍കുന്ന സിനിമയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മറ്റുള്ളവരെ ബോധവത്കരിക്കണമെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ പറഞ്ഞു.

Update: 2020-01-10 06:28 GMT

റായ്പുര്‍: ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥപറയുന്ന ദീപികാ പദുക്കോണ്‍ ചിത്രം 'ഛപാകി'ന് നികുതിയിളവ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശും ഛത്തീസ്ഗഢും പുതുച്ചേരിയും. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

എല്ലാവരും കുടുംബസമേതം ചിത്രം കാണണമെന്നും സ്ത്രീകള്‍ക്കുനേരെയുള്ള ആസിഡ് ആക്രമണങ്ങള്‍ക്കെതിരായ സന്ദേശം നല്‍കുന്ന സിനിമയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മറ്റുള്ളവരെ ബോധവത്കരിക്കണമെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ പറഞ്ഞു.ഛപാകിന് മധ്യപ്രദേശില്‍ നികുതിയിളവ് പ്രഖ്യാപിച്ച മുഖ്യമന്ത്രി കമല്‍നാഥ്, ചിത്രം സമൂഹത്തിന് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെക്കുറിച്ചുള്ള സന്ദേശമാണ് നല്‍കുന്നത്-അദ്ദേഹം വ്യക്തമാക്കി.

യുപിയില്‍ ചിത്രത്തിന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ തിയേറ്ററുകള്‍ വാടകയ്‌ക്കെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി സൗജന്യ പ്രദര്‍ശനം ഒരുക്കുന്നുണ്ട്. ഇതിനായി ലഖ്‌നൗവിലെ ഒരു തിയേറ്റര്‍ വാടകക്കെടുത്തിരിക്കുകയാണ് എസ്പി. പഞ്ചാബ് സര്‍ക്കാരിന്റെ കീഴില്‍ സാമൂഹിക സുരക്ഷ വകുപ്പും ശനിയാഴ്ച പ്രദര്‍ശനം ഒരുക്കുന്നുണ്ട്.

ജെഎന്‍യുവില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദീപികയെ അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു. ജെഎന്‍എയുവിലെ സമരക്കാരെ അനുകൂലിച്ച ദീപികയുടെ ചിത്രമായ 'ഛപാക്' ബഹിഷ്‌കരിക്കണമെന്ന് ബി.ജെ.പി. അനുകൂലസംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.

നേരത്തേ ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ അഭിഭാഷക അപര്‍ണ ഭട്ടിന് ഛപാകില്‍ പ്രത്യേക പരാമര്‍ശം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വര്‍ഷങ്ങളോളം ലക്ഷ്മിയെ കോടതിയില്‍ പ്രതിനിധാനംചെയ്ത അപര്‍ണ ഭട്ട്് തന്റെ സംഭാവന അവഗണിച്ചതിനാല്‍ സിനിമയുടെ റിലീസ് നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു.

Tags:    

Similar News