ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കേണ്ടിയിരുന്ന 'പീപ്പിള്‍ സമ്മിറ്റ്' മാറ്റിവച്ചു
കോഴിക്കോട്: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കേണ്ടിയിരുന്ന ജനുവരി 31ലെ പീപ്പിള്‍ സമ്മിറ്റ് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യസ്ഥിതി മോശമായതിനാലും വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതിനാലുമാണ് ഫെബ്രുവരി 7 ലേക്ക് മാറ്റിയത്. സമ്മേളനവേദിക്കും സമയത്തിനും മാറ്റമില്ലെന്നു സംഘാടക സമിതി നേതാവായ ഡോ. എം കെ മുനീര്‍ എംഎല്‍എ അറിയിച്ചു.
ചന്ദ്രശേഖര്‍ ആസാദ് പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാത്തതിനാല്‍ ഡോക്ടര്‍ ഒരു ദിവസം കൂടി വിശ്രമം ആവശ്യപ്പെടുകയായിരുന്നുവെന്നും. ഭീം ആര്‍മി പാര്‍ട്ടി ദേശീയ കോഓഡിനേറ്റര്‍ ഖുശ് അംബേദ്കര്‍വാടി കോഴിക്കോട് നടക്കാവിലെ എം ഇ എസ് വിമന്‍സ് കോളജിലെത്തി ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി നേതൃത്വത്തിനൊപ്പം വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചതായും മുനീര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.