ലൈംഗികപീഡനം; ചൈതന്യാനന്ത സരസ്വതിയുടെ കൂട്ടാളികളായ രണ്ടുസ്ത്രീകള്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചൈതന്യാനന്ദ സരസ്വതിയുടെ കൂട്ടാളികളായ രണ്ടുസ്ത്രീകളെയും പോലിസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരും മറ്റുവിവരങ്ങളും പോലിസ് നിലവില്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ ചോദ്യം ചെയ്യുകയാണന്നും അതേസമയം ചൈതന്യാനന്ദ സരസ്വതി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും പോലിസ് പറഞ്ഞു. ഇയാള്‍ പെണ്‍കുട്ടികളുമായി നടത്തിയ ചാറ്റുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചെന്നും പെണ്‍കുട്ടികള്‍ക്ക് പല വാഗ്ദാനങ്ങളും നല്‍കി വലയില്‍ വീഴ്ത്താന്‍ ചൈതന്യാനന്ദ ശ്രമിച്ചുവെന്നതിനും തെളിവായി നിരവധി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ നിന്ന് വീണ്ടെടുത്തതായും പോലിസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ആഗ്രയില്‍ നിന്നാണ്് ചൈതന്യാനന്ദയെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് ഡയറക്ടറായിരുന്ന ഇയാള്‍, രാത്രി വൈകിയും പെണ്‍കുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും വിദേശയാത്രകളില്‍ കൂടെവരാന്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. വനിതാ ഹോസ്റ്റലില്‍ രഹസ്യ ക്യാമറകളും സ്ഥാപിച്ചതായും എഫ്‌ഐആറില്‍ പറയുന്നു. ഒരു വിദ്യാര്‍ഥിനിക്ക് ''ബേബി ഐ ലവ് യൂ'' എന്ന് മെസേജ് അയച്ചതും, പ്രതികരിക്കാത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായി സന്ദേശങ്ങള്‍ അയച്ചും സമ്മര്‍ദ്ദം ചെലുത്തിയതും, തുടര്‍ന്ന് ഹാജറില്‍ ക്രമക്കേട് കാണിച്ച് നോട്ടിസ് നല്‍കുകയും മാര്‍ക്ക് കുറയ്ക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു
വിവിധ കേസുകളിലായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനുപിന്നാലെ ചൈതന്യാനന്ദ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 50 ലക്ഷത്തിലധികം രൂപ പിന്‍വലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 18 ബാങ്ക് അക്കൗണ്ടുകളും 28 സ്ഥിരനിക്ഷേപങ്ങളും ഇയാളുടെ പേരിലുണ്ടായിരുന്നു. ഇതിനുപിന്നാലെ അന്വേഷണ സംഘം ഇയാളുടെ 18 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
ഇയാളുടെ ആഡംബര കാറും പോലിസ് പിടിച്ചെടുത്തു. വ്യാജ ഡിപ്ലോമാറ്റിക് നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു കാര്‍ നേരത്തെ പോലിസ് പിടികൂടിയിരുന്നു. പ്രതിക്കെതിരെ 2009ല്‍ ഡിഫന്‍സ് കോളനിയില്‍ വഞ്ചന, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നീട്, 2016ല്‍ വസന്ത് കുഞ്ചിലെ ഒരു സ്ത്രീ ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ കേസുകള്‍ പുനഃപരിശോധിക്കുന്നുണ്ട്. നിലവിലെ കേസില്‍, പരാതിക്കാരെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ഡിപ്ലോമ വിദ്യാര്‍ഥികളാണ്.

