കൊവിഡ്-19 മരണനിരക്ക് കുറയ്ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം

ഉയര്‍ന്ന കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ ക്ലിനിക്കല്‍ പരിപാലനം മെച്ചപ്പെടുത്തുന്നതിനായി വിഭവങ്ങള്‍ പരമാവധി ഉപയോഗിക്കണം

Update: 2020-08-08 15:56 GMT

ന്യൂഡല്‍ഹി: കൊവിഡ്-19 മരണനിരക്ക് കുറയ്ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു.

കേന്ദ്രവും സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകള്‍ തമ്മിലുമുള്ള ഏകോപിതവും സജീവവുമായ പ്രവര്‍ത്തനം മൂലം ദേശീയ മരണനിരക്ക് കുറയ്ക്കുന്നത് ഉറപ്പാക്കിയതിനെ തുടര്‍ന്ന് മരണനിരക്ക് ഇപ്പോള്‍ 2.04% മാണ്. ആഗസ്റ്റ് 7നും 8നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷന്റെ നേതൃത്വത്തില്‍ സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുമായി രണ്ട് ഉന്നതതല വെര്‍ച്ച്വല്‍ യോഗങ്ങള്‍ നടന്നു. കൂടുതല്‍ രോഗങ്ങളും ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതുമായ സംസ്ഥാനങ്ങള്‍ക്ക് കൊവിഡ്-19 മരണം പ്രതിരോധിക്കുന്നതിന് ഉപദേശങ്ങളും പിന്തുണയും നല്‍കുന്നതിനായിരുന്നു യോഗങ്ങള്‍.

8ന് നടന്ന യോഗത്തില്‍ എട്ടു സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളിലെ 13 ജില്ലകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അസാമിലെ കാമരൂപ് മെട്രോ, ബിഹാറിലെ പാട്ന, ജാര്‍ഖണ്ഡിലെ റാഞ്ചി, കേരളത്തിലെ ആലപ്പുഴ, തിരുവനന്തപുരം, ഒഡീഷയിലെ ഗഞ്ചം, ഉത്തര്‍പ്രദേശിലെ ലഖ്നൗ, പശ്ചിമബംഗാളിലെ 24 ഫര്‍ഗാനാസ് നോര്‍ത്ത്, ഹൂഗ്ലി, ഹൗറാ, കൊല്‍ക്കത്ത,മാള്‍ഡാ, ഡല്‍ഹി എന്നിവയാണ് അവ. ഈ ജില്ലകളിലാണ് ഇന്ത്യയിലെ കോവിഡ് രോഗികളിലെ ഏകദേശം 9% വും മരണത്തില്‍ 14%വും ഉള്ളത്. അസമിലെ കാമ്രൂപ് മെട്രോ, ഉത്തര്‍പ്രദേശിലെ ലഖ്നൗ, കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളില്‍ പ്രതിദിന കേസുകളില്‍ വര്‍ധനയുള്ളതായി യോഗത്തില്‍ വിലയിരുത്തി. എട്ടു സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം), എം.ഡി (എന്‍.എച്ച്.എം.) എന്നിവര്‍ക്കൊപ്പം ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥര്‍, ജില്ലാകലക്ടര്‍മാര്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മിഷണര്‍മാര്‍, മുഖ്യ മെഡിക്കല്‍ ഓഫീസര്‍മാര്‍, മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ സൂപ്രണ്ടുമാര്‍ എന്നിവര്‍ വെര്‍ച്ച്വല്‍ യോഗത്തില്‍ പങ്കെടുത്തു.

ചില ജില്ലകളില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് 48 മണിക്കൂറിനകം രോഗികള്‍ മരിക്കുന്ന സാഹചര്യത്തില്‍ സമയബന്ധിതമായ പരിശോധനയും ആശുപത്രിയില്‍ പ്രവേശനവും നിര്‍ദ്ദേശിച്ചു. ആംബുലന്‍സിന്റെ ലഭ്യത ഉറപ്പാക്കാനും നിരസിക്കുന്നത് ഇല്ലാതാക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുന്ന രോഗലക്ഷണമില്ലാത്തവര്‍ക്ക് പ്രതിദിനം ഭൗതിക സന്ദര്‍ശനം/ഫോണ്‍കണ്‍സള്‍ട്ടേഷന്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധനല്‍കികൊണ്ടുള്ള നിരീക്ഷണം ഉറപ്പാക്കണമെന്നതിന് അടിവരയിട്ടു. ഇപ്പോള്‍ നിലവിലുള്ള രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകാനുള്ള വളര്‍ച്ചാനിരക്കിന്റെ അടിസ്ഥാനത്തില്‍ ഐ.സി.യു കിടക്കകള്‍, ഓക്സിജന്‍ വിതരണം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് സമയബന്ധിതമായ വിലയിരുത്തല്‍ നടത്തി മുന്‍കൂട്ടിയുള്ള തയാറെടുപ്പുകള്‍ നടത്തണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.


Tags: