കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ഉലയുന്നു: രാജ്യം സോവിയറ്റ് യൂനിയന്‍ പോലെ തകര്‍ന്നു തരിപ്പണമാവുമെന്ന് ശിവസേന

Update: 2020-12-28 08:27 GMT

മുംബൈ: സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന ബിജെപിക്കെതിരേ കടുത്ത വിമര്‍ശവുമായി ശിവസേന. രാജ്യത്തെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ഉലഞ്ഞുതുടങ്ങിയെന്നും ഇത് തുടര്‍ന്നാണ് സോവിയറ്റ് യൂനിയനില്‍ സംഭവിച്ചപോലെ രാജ്യം കഷണങ്ങളായി പിളര്‍ന്നുപോവുമെന്നും മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ എഡിറ്റോറിയലില്‍ ശിവസേന കുറ്റപ്പെടുത്തി. സുപ്രിംകോടതി അതിന്റെ ഭരണഘടനാപരമായ ബാധ്യതകള്‍ മറുന്നുതടങ്ങിയതായും ശിവസേന കുറ്റപ്പെടുത്തി.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് തങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍, നമ്മുടെ രാജ്യത്തെ സംസ്ഥാനങ്ങള്‍ സോവിയറ്റ് യൂണിയനെപ്പോലെ പിരിഞ്ഞുപോകാന്‍ കൂടുതല്‍ സമയമെടുക്കില്ല. 2020 വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ ശേഷിയെയും വിശ്വാസ്യതയെയും കുറിച്ച് ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്''- എഡിറ്റോറിയലില്‍ പറയുന്നു.

മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുവെന്ന ബിജെപി നേതാവ് വിജയവര്‍ഗിയയുടെ പ്രസ്താവനയും എഡിറ്റോറിയലില്‍ ഉദ്ധരിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ പ്രധാനമന്ത്രി പ്രത്യേക താത്പര്യമെടുത്തിരുന്നോ? അദ്ദേഹം ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. നമ്മുടേത് ഒരു ഫെഡറല്‍ സംവിധാനമാണ്. ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാന സര്‍ക്കാരുകളും ദേശീയ താല്‍പ്പര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ആ വികാരമാണ് ഇല്ലാതാവുന്നത്- എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍, ബംഗാളിലെ ത്രിണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.

'ഒരു ജനാധിപത്യത്തില്‍ രാഷ്ട്രീയ പരാജയങ്ങള്‍ വളരെ സാധാരണമാണ്, പക്ഷേ മമത ബാനര്‍ജിയെ പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്ന രീതി വേദനാജനകമാണ്... ആഭ്യന്തര മന്ത്രി വലിയ റാലികള്‍ സംഘടിപ്പിക്കുകയാണ്. അതേസമയം മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ എര്‍പ്പെടുത്തുന്നു. ഭരണാധികാരികളാണ് നിയമങ്ങള്‍ തെറ്റിക്കുന്നത്''- എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News