മൂല്യനിര്‍ണയത്തില്‍ കൃത്യത ഉറപ്പാക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കിങ്; സിബിഎസ്ഇയുടെ പുതിയ തീരുമാനം
ന്യൂഡല്‍ഹി: പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയത്തില്‍ കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനായി 2026ലെ ബോര്‍ഡ് പരീക്ഷകള്‍ മുതല്‍ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് (ഒഎസ്എം) സംവിധാനം നടപ്പാക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സിബിഎസ്ഇ) അറിയിച്ചു. എന്നാല്‍ പത്താംക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നിലവിലെ രീതിയില്‍ തുടരുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഇതുസംബന്ധിച്ച അറിയിപ്പ് സിബിഎസ്ഇ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി.
പരീക്ഷാ പ്രക്രിയയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനും മാനുവല്‍ ഇടപെടല്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഡിജിറ്റല്‍ മൂല്യനിര്‍ണയ സംവിധാനം നടപ്പാക്കുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു. ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് വഴി മാര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്നതിലെ പിശകുകള്‍ ഒഴിവാക്കാനാകുമെന്നും മൂല്യനിര്‍ണയ നടപടികള്‍ കൂടുതല്‍ ഏകോപിതമാക്കാനാകുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഈ സംവിധാനത്തിലൂടെ അധ്യാപകര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാതെ സ്വന്തം സ്‌കൂളുകളില്‍ നിന്ന് തന്നെ ഉത്തരക്കടലാസുകള്‍ വിലയിരുത്താനാകുമെന്നതും പ്രധാന ആനുകൂല്യമായി ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ മൂല്യനിര്‍ണയം നടപ്പാക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്‌കൂളുകള്‍ക്ക് സിബിഎസ്ഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂല്യനിര്‍ണയ നടപടികളുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്നും പരിശീലന പരിപാടികളും നിര്‍ദേശാത്മക വീഡിയോകളും പുറത്തിറക്കുമെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കോള്‍ സെന്റര്‍ സജ്ജമാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. ഇന്ത്യയിലും വിദേശത്തുമായി 26 രാജ്യങ്ങളിലായി ഏകദേശം 46 ലക്ഷം വിദ്യാര്‍ഥികളാണ് സിബിഎസ്ഇയുടെ പത്താംക്ലാസ്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ എഴുതുന്നത്. ഫെബ്രുവരി 17ന് ആരംഭിച്ച പരീക്ഷകള്‍ ഏപ്രില്‍ 10നു സമാപിക്കും. പത്താംക്ലാസ് പരീക്ഷ വര്‍ഷത്തില്‍ രണ്ടുതവണ നടത്താനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. രണ്ടാംഘട്ട പരീക്ഷ മെയ് 15 മുതല്‍ ജൂണ്‍ ഒന്ന് വരെ നടക്കും.
