ന്യൂഡല്‍ഹി: മുന്‍ സൈനികന്‍ മരിച്ചതായി വ്യാജ രേഖകള്‍ തയ്യാറാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത സംഭവത്തില്‍ ദമ്പതികള്‍ക്കെതിരേ കേസ്. ബിഹാര്‍ റെജിമെന്റിലെ മുന്‍ സൈനികനായ അഖിലേഷ് കുമാറും ഭാര്യ ഗ്യാന്തി ദേവിയും ചേര്‍ന്നാണ് വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി ആര്‍മി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഫണ്ടില്‍ നിന്ന് തുക തട്ടിയെടുത്തത്. സംഭവത്തില്‍ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
1998ല്‍ സൈന്യത്തില്‍ ചേര്‍ന്ന അഖിലേഷ് കുമാര്‍ 2010ല്‍ വിരമിച്ചു. 12 വര്‍ഷവും എട്ടു മാസവുമാണ് അദ്ദേഹം സേവനമനുഷ്ഠിച്ചത്. എന്നാല്‍ പെന്‍ഷന്‍ ലഭിക്കാന്‍ ആവശ്യമായ സര്‍വീസ് കാലയളവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. പിന്നീട് നാട്ടിലേക്ക് മടങ്ങിയശേഷം ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി താന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചുവെന്ന് കാണിച്ച് ഗ്യാന്തി ദേവി സൈന്യത്തിന് വ്യാജ രേഖകള്‍ സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2013 ജൂണില്‍ ഇന്‍ഷുറന്‍സ് ക്ലെയിമായി മൂന്നു ലക്ഷം രൂപയും പലിശയായി 21,750 രൂപയും ചേര്‍ത്ത് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി.
ബിഹാറിലെ ജെഹനാബാദ് ജില്ലയില്‍ നടത്തിയ അന്വേഷണത്തിലാണ് രേഖകളില്‍ മരിച്ചുവെന്ന് കാണിച്ചിരുന്ന അഖിലേഷ് കുമാര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പോലിസ് കണ്ടത്തിയത്. ഗ്രാമവാസികളില്‍ ഒരാളാണ് വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ആര്‍മി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഫണ്ടിലെ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഡല്‍ഹി കോടതിയുടെ ഉത്തരവ് പ്രകാരം വസന്ത് വിഹാര്‍ പോലിസ് സ്‌റ്റേഷനില്‍ ദമ്പതികള്‍ക്കെതിരേ വഞ്ചന (സെക്ഷന്‍ 420), വ്യാജരേഖ ചമയ്ക്കല്‍ (സെക്ഷന്‍ 468, 471) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടൊയെന്ന് പോലിസ് പരിശോധിച്ച് വരികയാണ്.
