ആത്മഹത്യക്ക് നിര്‍ദേശം നല്‍കി എഐ; പതിനാറുകാരന്റെ മരണത്തില്‍ ചാറ്റ് ജിപിറ്റിക്ക് എതിരെ മാതാപിതാക്കളുടെ കേസ്
ന്യൂയോര്‍ക്ക്: യുഎസില്‍ പതിനാറുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍, ചാറ്റ്ജിപിറ്റിയാണു മകനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാരോപിച്ച് മാതാപിതാക്കള്‍ ഓപ്പണ്‍ എഐക്കെതിരെ നിയമനടപടി തുടങ്ങി. കാലിഫോര്‍ണിയയിലെ കോടതിയില്‍ നല്‍കിയ കേസില്‍, മാതാപിതാക്കളായ മാറ്റ് റെയ്‌നും മരിയ റെയ്‌നും ആരോപിക്കുന്നത്, മകന്‍ ആദം റെയ്‌ന് (16) നടത്തിയ ചാറ്റുകള്‍ തന്നെയാണ് ആത്മഹത്യയ്ക്കു പിന്നിലെ പ്രധാന കാരണമെന്ന്.
കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ പഠനത്തിനു സഹായമായിട്ടാണ് ആദം ചാറ്റ്ജിപിറ്റി ഉപയോഗിച്ചുതുടങ്ങിയത്. പിന്നീട് ബോട്ടുമായി അടുപ്പം വര്‍ദ്ധിച്ചതോടെ, കഴിഞ്ഞ ജനുവരിയില്‍ ആത്മഹത്യയെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ ആരംഭിച്ചു. കേസനുസരിച്ച്, കുട്ടിയെ ആത്മഹത്യയില്‍ നിന്ന് തടയുന്നതിനു പകരം, ചാറ്റ്‌ബോട്ട് ജീവന്‍ അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും മാര്‍ഗങ്ങളും നല്‍കിയെന്ന് ആരോപണമുണ്ട്.
ഏപ്രിലിലാണ് ആദം ജീവനൊടുക്കിയത്. മരണത്തിനു ശേഷം മാതാപിതാക്കള്‍ ആദത്തിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍, അവസാന ദിവസങ്ങളിലെ ചാറ്റുകള്‍ കണ്ടെടുത്തതായി പറയുന്നു. 'ചാറ്റ്ജിപിടിയുമായി നടത്തിയ സംഭാഷണങ്ങളിലാണ് ആത്മഹത്യ സംബന്ധിച്ച തീരുമാനത്തില്‍ ആദം എത്തിയത്,' എന്നാണ് മാതാപിതാക്കളുടെ വാദം.
കേസില്‍ ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്‍ മുഖ്യപ്രതിയാണെന്നും മാനസിക വിധേയത്വം ഉണ്ടാക്കുന്ന രീതിയിലാണ് ചാറ്റ്ജിപിടി രൂപകല്‍പന ചെയ്തിരിക്കുന്നത് എന്നാണ് മാതാപിതാക്കളുടെ ആരോപണം.
ഓപ്പണ്‍ എഐ, ആദത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും, കേസ് സംബന്ധിച്ച് വിശദമായി പരിശോധിക്കുന്നതായി വ്യക്തമാക്കുകയും ചെയ്തു. 'തീവ്രമായ മാനസിക സംഘര്‍ഷങ്ങളില്‍ ചാറ്റ്ജിപിടിയെ ആശ്രയിക്കരുതെന്ന്' കമ്പനി അവരുടെ വെബ്‌സൈറ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും, യുഎസ്, യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അടിയന്തര സാഹചര്യങ്ങള്‍ക്ക് ഹെല്‍പ്ലൈന്‍ സേവനം ആരംഭിച്ചിട്ടുണ്ടെന്നും ഓപ്പണ്‍ എഐ അറിയിച്ചു.
