എഡിജിപി അജിത് കുമാറിനെതിരെ കേസ്; നടപടിക്രമത്തില്‍ വീഴ്ചയെന്ന് ഹൈക്കോടതി

Update: 2025-08-26 06:48 GMT

കൊച്ചി: എഡിജിപി അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്തതില്‍ നടപടിക്രമത്തില്‍ വീഴ്ചയുണ്ടെന്ന് ഹൈക്കോടതി.

അന്വേഷണത്തിനിടെ നിയമനടപടികള്‍ ശരിയായി പാലിച്ചോയെന്നും വിജിലന്‍സില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

നിയമപരമായ വശങ്ങള്‍ കൂടുതല്‍ പരിശോധിക്കുമെന്നും ഹരജി നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. 'ഹൈക്കോടതി ജഡ്ജിക്കെതിരെ ജില്ലാ ജഡ്ജി അന്വേഷണം നടത്തിയാല്‍ എങ്ങനെയിരിക്കും?' എന്ന് കോടതി ചോദ്യം ഉന്നയിക്കുകയും ചെയ്തു.

വിജിലന്‍സ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ സീനിയര്‍ ഓഫീസറാണോ, ജൂനിയറാണോ എന്നും കോടതി വ്യക്തത തേടി.

വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ തന്നെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നുവെന്ന് അജിത് കുമാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതിയുടെ ഉത്തരവിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: