'നിയമനം റദ്ദാക്കിയതിന് മുന്‍കാല പ്രാബല്യം നല്‍കരുത്'; കെടിയു മുന്‍ വിസി സുപ്രിംകോടതിയില്‍

Update: 2022-11-16 07:07 GMT

ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയതിന് മുന്‍കാല പ്രാബല്യം നല്‍കരുതെന്നാവശ്യപ്പെട്ട് മുന്‍ വിസി ഡോ.രാജശ്രീ സുപ്രിംകോടതിയെ സമീപിച്ചു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചുപിടിക്കരുതെന്നാവശ്യപ്പെട്ടാണ് സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയത്. സെര്‍ച്ച് കമ്മറ്റില്‍നിന്ന് ഒരു പേര് മാത്രം നല്‍കിയതില്‍ താന്‍ ഉത്തരവാദിയല്ലെന്നും ഹരജിയില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ 21 നാണ് ഡോ.എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലരായി ഡോ. എം എസ് രാജശ്രീയുടെന്റ നിയമനം സുപ്രിംകോടതി റദ്ദാക്കിയത്.

നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹരജിയിലായിരുന്നു ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കെടിയു വൈസ് ചാന്‍സലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ പി എസ് ശ്രീജിത്താണ് കോടതിയെ സമീപിച്ചത്. യുജിസി ചട്ടങ്ങള്‍ ഒരിക്കല്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍, അത് നടപ്പാക്കാന്‍ ബാധ്യത ഉണ്ടെന്ന സുപ്രിംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിയിരുന്നു നടപടി.

സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്നായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം. നിയമനത്തിനായി ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. യുജിസി ചട്ടങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒന്നിലധികം പേരുകള്‍ അടങ്ങുന്ന പാനലാണ് സെര്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറണം. എന്നാല്‍, സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒരാളുടെ പേര് മാത്രമാണ് സമിതി ചാന്‍സലര്‍ക്ക് കൈമാറിയത്. ഈ നടപടി ചട്ടലംഘനമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

Tags:    

Similar News