ആര്‍എസ്എസ്- മുസ്‌ലിം സംഘടനാ ചര്‍ച്ചയ്‌ക്കെതിരായ പ്രചാരണങ്ങള്‍ ഇസ്‌ലാമോഫോബിയ: ജമാഅത്തെ ഇസ്‌ലാമി

Update: 2023-02-20 12:52 GMT

കോഴിക്കോട്: ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും തമ്മില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍. രാജ്യത്തെ പ്രബല മുസ്‌ലിം സംഘടനകളുമായാണ് ആര്‍എസ്എസ് ചര്‍ച്ച നടത്തിയതെന്നും ജമാഅത്തെ ഇസ്‌ലാമി അതിന്റെ ഭാഗമാവുകയാണ് ചെയ്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ദയൂബന്ദ്, ബറേല്‍വി സംഘടനകള്‍ എന്നിവര്‍ക്കൊപ്പമാണ് ജമാഅത്തെ ഇസ്‌ലാമിയും ചര്‍ച്ചയില്‍ പങ്കെടുത്തത്.

ചര്‍ച്ചയാവാമെന്നാണ് ജമാഅത്ത് നിലപാട്. അത് സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കാവരുത്. മുസ്‌ലിം സമുദായത്തിന്റെ പൊതുപ്രശ്‌നങ്ങളുടെ പരിഹാരത്തിന് വേണ്ടിയാവണം. ചര്‍ച്ചയ്‌ക്കെതിരായി നടക്കുന്ന പ്രചാരണങ്ങള്‍ ഇസ്‌ലാമോഫോബിയയാണ്. ഇതിന് പിന്നില്‍ കൃത്യമായ തിരക്കഥയുണ്ട്. ചര്‍ച്ചയില്‍ മുസ്‌ലിം സംഘടനകള്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ പലതവണ വ്യക്തമാക്കിയതാണ്. മുസ്‌ലിം സമൂഹത്തിന്റെ പൊതുവികാരങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച സംബന്ധിച്ച് ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചു. അദ്ദേഹം ഉയര്‍ത്തിയ ആശങ്ക ശുദ്ധ ഇസ്‌ലാമോഫോബിയയാണ്. സിപിഎമ്മും ആര്‍എസ്എസ്സും തമ്മില്‍ ശ്രീ എമ്മിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ആ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിപിഎം വ്യക്തമാക്കണം. ആ ചര്‍ച്ചയുടെ വിവരം പുറത്തുവന്നത് ശ്രീ എമ്മിന്റെ ആത്മകഥയിലാണ്. പുള്ളിപ്പുലിയുടെ പുള്ളി മാറ്റാന്‍ ആ ചര്‍ച്ചയിലൂടെ കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം സംഘടനകളുമായി ആര്‍എസ്എസ് നടത്തിയ ചര്‍ച്ചയെ വിമര്‍ശിക്കുന്ന സിപിഎമ്മിന്റെ ഇസ്‌ലാമോഫോബിയ നടപടി അപകടകരമാണെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.

എന്തിനുവേണ്ടിയാണോ മുസ്‌ലിം സമൂഹം നിലകൊള്ളുന്നത് അതിന് വേണ്ടിയായിരുന്നു ചര്‍ച്ച. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് എല്ലാ കൂട്ടായ്മയിലും അണിനിരക്കാറുണ്ട്. സംഘപരിവാറിനോട് നേരിട്ട് ഏറ്റുമുട്ടുന്ന സംഘടനകളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് ആര്‍എസ്എസാണ്. ശക്തമായ സമരത്തിന്റെ ഭാഗമായാണ് ചര്‍ച്ചയുമുണ്ടായത്. ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്. മാറാട് സംഭവം എല്ലാവര്‍ക്കും ഓര്‍മയുണ്ട്. അന്ന് അതിനെ ബ്രേക്ക് ചെയ്ത് അരയ സമാജം നേതൃത്വത്തിന്റെ അടുത്തേക്ക് ചെന്നത് ജമാഅത്തെ ഇസ്‌ലാമിയാണ്. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി അടക്കം അത് പറഞ്ഞിട്ടുള്ളതാണ്. ആര്‍എസ്എസ്- ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച നടന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണ്. അത് പ്രത്യാഘാതം സൃഷ്ടിക്കും. ആര്‍എസ്എസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ജാഗ്രതയുണ്ട്. ഇതര മുസ്‌ലിം സംഘടനകളുടെ ജാഗ്രതയെ മാനിക്കുന്നു. ഫാഷിസ്റ്റ് വിരുദ്ധ നിലപാട് ജമാഅത്ത് സ്വീകരിച്ചതിന്റെ തിരഞ്ഞെടുപ്പ് ഗുണഭോക്താക്കള്‍ കൂടിയാണ് സിപിഎം എന്നത് അവര്‍ മറക്കരുതെന്നും പി മുജീബ് റഹ്മാന്‍ പറഞ്ഞു. കോഴിക്കോട് ഹിറാ സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹക്കിം നദ്‌വി, സംസ്ഥാന ശൂറാ അംഗം ടി മുഹമ്മദ് വേളം, അസിസ്റ്റന്റ് സെക്രട്ടറി സമദ് കുന്നക്കാവ് എന്നിവരും പങ്കെടുത്തു.

Tags:    

Similar News