ബസ് ചാര്‍ജ് വര്‍ധന; വിദ്യാര്‍ത്ഥി സംഘടനകളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

കണ്‍സഷന്‍ ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണമെന്ന ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല,ഒന്നര രൂപയാക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്

Update: 2021-12-02 07:25 GMT

തിരുവനന്തപുരം:ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളുമായുള്ള മന്ത്രിതല ചര്‍ച്ച ഇന്ന് നടക്കും. ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് അനക്‌സ് ലയം ഹാളില്‍ ഇന്ന് വൈകുന്നേരം 4 മണിക്കാണ് ചര്‍ച്ച.

ബസ് ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം, കണ്‍സഷന്‍ നിരക്ക് കൂട്ടണമോ എന്നതില്‍ അടക്കം അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ച നടത്തുന്നത്. ബസ് ചാര്‍ജ് വര്‍ധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്നും ആറ് രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. കണ്‍സഷന്‍ നിരക്ക് ഒന്നര രൂപയാക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. വിദ്യാര്‍ത്ഥികള്‍ക്ക് അധിക ഭാരം അടിച്ചേല്‍പിക്കാതെയുള്ള വര്‍ധനയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.

ബസ് ചാര്‍ജ് 12 രൂപയാക്കണമെന്ന ബസുടമകളുടെ ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ബസ് ചാര്‍ജ് മിനിമം നിരക്കായ എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം.





Tags: