ബസ് ചാര്‍ജ് വര്‍ധന;ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ യോഗം ഇന്ന് തൃശൂരില്‍

മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം

Update: 2022-03-12 04:46 GMT

തൃശൂര്‍: ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരില്‍ ചേരും. ബസ് ചാര്‍ജ് വര്‍ധനയാണ് പ്രധാന അജണ്ട.ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.ഇക്കാര്യം യോഗത്തില്‍ വലിയ തോതില്‍ ചര്‍ച്ചയാകും. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം.

സംസ്ഥാന ബജറ്റ് നിരാശാജനകമാണെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.പൊതുഗതാഗത മേഖലയില്‍ സ്‌റ്റേജ് കാര്യേജ് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സിലും സ്‌റ്റേജ് കാര്യേജ് ബസുകള്‍ക്ക് ഉപയോഗിക്കുന്ന ഡീസലിന്റെ വില്‍പന നികുതിയിലും ഇളവ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ പറഞ്ഞു.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും ബജറ്റ് പ്രസംഗത്തില്‍ ഇത് സംബന്ധിച്ച് ഒരു പരാമര്‍ശവും ഉണ്ടാകാതിരുന്നത് നിരാശാജനകമാണെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.

അയ്യായിരത്തില്‍ താഴെ മാത്രം ബസുകള്‍ ഉള്ള കെഎസ്ആര്‍ടിസിക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റില്‍ പന്ത്രണ്ടായിരധത്തിലധികം ബസുകള്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമര്‍ശം പോലും ഇല്ലാത്തതും ബജറ്റില്‍ ഡീസല്‍ വാഹനങ്ങളുടെ ഹരിത നികുതിയില്‍ 50 ശതമാനം വര്‍ധനവ് വരുത്തുന്നതും പ്രതിഷേധാര്‍ഹമാണെന്നും ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags: