മെക്‌സിക്കോയില്‍ ബസ് അപകടം; പത്തു പേര്‍ മരിച്ചു, 32 പേര്‍ക്ക് പരിക്ക്

Update: 2025-12-26 05:22 GMT

മെക്‌സിക്കോ സിറ്റി: കിഴക്കന്‍ മെക്‌സിക്കോയിലെ വെരാക്രൂസ് സംസ്ഥാനത്ത് യാത്രക്കാരുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് ഒരു കുട്ടിയടക്കം പത്തു പേര്‍ മരിച്ചു. അപകടത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

ക്രിസ്മസ് തലേന്ന് മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ചിക്കോണ്ടെപെക് ഗ്രാമത്തിലേക്ക് പുറപ്പെട്ട ബസ്സാണ് സോണ്ടെകോമാറ്റ്‌ലാന്‍ നഗരപരിധിയില്‍ വച്ച് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒന്‍പത് മുതിര്‍ന്നവരും ഒരു കുട്ടിയും ഉള്‍പ്പെടുന്നുവെന്ന് സോണ്ടെകോമാറ്റ്‌ലാന്‍ മേയറുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. പരിക്കേറ്റവരുടെ പേരുകളും അവര്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രികളുടെ വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഉടന്‍ ആരംഭിച്ചുവെന്നും പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്.

മെക്‌സിക്കോയില്‍ റോഡപകടങ്ങള്‍ പതിവാകുകയാണെന്നും അമിതവേഗതയും വാഹനങ്ങളിലെ സാങ്കേതിക തകരാറുകളും ഇത്തരം അപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങളായി മാറുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ നവംബര്‍ അവസാനം പടിഞ്ഞാറന്‍ സംസ്ഥാനമായ മിച്ചോവാക്കനിലുണ്ടായ ബസ് അപകടത്തില്‍ പത്തു പേര്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags: