നീലഗിരി: നീലഗിരി ഊട്ടിയില്‍ മിനി ബസ്സ് മറിഞ്ഞ് അപകടം. അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ ബസ്സ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. ഇന്നലെ നീലഗിരിയിലെ മണിഹട്ടിക്ക് സമീപം സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഉദഗമണ്ഡലത്തില്‍ നിന്ന് തങ്കാടിലേക്ക് പോവുകയായിരുന്ന മിനി ബസ്സ് ഒരു സ്വകാര്യ കൃഷിയിടത്തില്‍ തലകീഴായി മറിയുകയായിരുന്നു. 12 സ്ത്രീകളും 17 പുരുഷന്മാരും മൂന്നു കുട്ടികളും ഉള്‍പ്പെടെ 32 യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നതായി പോലിസ് പറഞ്ഞു. പരിക്കേറ്റവരെ നാട്ടുകാരും പോലിസും ചേര്‍ന്ന് ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേര്‍ ഒഴികെ പരിക്കേറ്റ എല്ലാവരുടേയും നില സാധാരണ നിലയിലാണെന്നും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.