നേപ്പാള്‍ അതിര്‍ത്തിയില്‍ പള്ളികളും മദ്‌റസകളും പൊളിച്ചു മാറ്റി യോഗി സര്‍ക്കാരിന്റെ ബുളഡോസര്‍രാജ്
ലഖ്‌നോ: മദ്‌റസകള്‍, പള്ളികള്‍, ഈദ്ഗാഹുകള്‍ എന്നിവയുള്‍പ്പെടെ 350ലധികം മത സ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട് യുപി സര്‍ക്കാര്‍. അനധികൃത കയ്യേറ്റങ്ങള്‍ എന്നാരോപിച്ചാണ് നടപടി. ഇതിനോടകം തന്നെ നിരവധി പള്ളികള്‍ പൊളിച്ചു നീക്കി കഴിഞ്ഞു. അനധികൃത നിര്‍മ്മാണത്തിനെതിരേ തങ്ങളുടെ സര്‍ക്കാര്‍ ഒരു കാംപയിന്‍ ആരംഭിച്ചിരിക്കുകയാണെന്നാണ് യോഗി സര്‍ക്കാരിന്റെ വാദം.
നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പിലിഭിത്ത്, ശ്രാവസ്തി, ബല്‍റാംപൂര്‍, ബഹ്റൈച്ച്, സിദ്ധാര്‍ത്ഥ്നഗര്‍, മഹാരാജ്ഗഞ്ച് തുടങ്ങിയ ജില്ലകളിലാണ് വ്യാപകമായ തരത്തിലുള്ള പൊളിച്ചുമാറ്റല്‍ നടക്കുന്നത്. മതപരമായ ഒരു കടന്നുകയറ്റവും അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന. ഇതു സംബന്ധിച്ച ഔദ്യോഗിക പത്രകുറിപ്പും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. കാംപയിന്റെ ഭാഗമായി പൊളിച്ച മതസ്ഥാപനങ്ങളുടെയും ഇനി പൊളിക്കാനിരിക്കുന്നവയുടെയും കണക്ക് സഹിതം വ്യക്തമാക്കിയാണ് യോഗി സര്‍ക്കാറിന്റെ പ്രസ്താവന.
ശ്രാവസ്തിയില്‍, 104 മദ്രസകള്‍, ഒരു പള്ളി, അഞ്ച് ദര്‍ഗകള്‍, രണ്ട് ഈദ്ഗാഹുകള്‍ എന്നിവ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവയ്ക്കെല്ലാം നോട്ടിസ് നല്‍കുകയും സീല്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും യോഗി സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബഹ്റൈച്ചില്‍ 13 മദ്രസകള്‍, എട്ട് പള്ളികള്‍, രണ്ട് ദര്‍ഗകള്‍, ഒരു ഈദ്ഗാഹ് എന്നിവ പൊളിച്ചു നീക്കി. സിദ്ധാര്‍ത്ഥ്നഗര്‍ അധികൃതര്‍ 23 അഞ്ച് മദ്രസകള്‍ സീല്‍ ചെയ്യുകയും ഒമ്പത് എണ്ണം പൊളിച്ചുമാറ്റുകയും ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു.
മഹാരാജ്ഗഞ്ചിലെ പര്‍സമാലിക് ഗ്രാമത്തിലെ മദ്രസ അടച്ചുപൂട്ടുകയും കെട്ടിടത്തിന്റെ താക്കോലുകള്‍ പ്രാദേശിക പോലിസ് സ്റ്റേഷന്‍ ചുമതലയുള്ളയാള്‍ക്ക് കൈമാറുകയും ചെയ്തു. ഇന്നുവരെ, ഇവിടെ 29 മദ്രസകളും അഞ്ച് ദര്‍ഗകളും പൊളിച്ചുമാറ്റിയിട്ടുണ്ട്.
ലഖിംപൂര്‍ ഖേരിയില്‍ 13 മതസ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. ഒന്നിന് നോട്ടിസ് നല്‍കി, ഒമ്പതെണ്ണം സീല്‍ ചെയ്തു. ഇതിനോടകം മൂന്നെണ്ണം പൊളിച്ചുമാറ്റി. ബല്‍റാംപൂരില്‍ 30 മദ്രസകളും 10 ദര്‍ഗകളും ഒരു ഈദ്ഗാഹയും പൊളിച്ചുമാറ്റിയവയില്‍ ഉള്‍പ്പെടുന്നു.
