'ദേശവിരുദ്ധ'വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യരുതെന്ന് ദൃശ്യമാധ്യമങ്ങള്‍ക്ക് നിര്‍ദേശം

അസമിലും മറ്റ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും പൊട്ടിപ്പുറപ്പെട്ട പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭങ്ങളോടുള്ള പ്രതികരണമെന്ന നിലയിലാണ് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം.

Update: 2019-12-12 04:41 GMT

ന്യൂഡല്‍ഹി: 'ദേശവിരുദ്ധ'വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യരുതെന്ന് ദൃശ്യമാധ്യമങ്ങളോട് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. അസമിലും മറ്റ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും പൊട്ടിപ്പുറപ്പെട്ട പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭങ്ങളോടുള്ള പ്രതികരണമെന്ന നിലയിലാണ് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം. എല്ലാ സ്വകാര്യ ടി വി ചാനലുകളും കലാപങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്ന തരത്തിലുള്ള വാര്‍ത്തകളും ദൃശ്യങ്ങളും പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.

കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് (റഗുലേഷന്‍) ആക്റ്റ്, 1995 പ്രകാരമാണ് സ്വകാര്യ ചാനലുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ദേശവിരുദ്ധ സ്വഭാവം പുലര്‍ത്തുന്നതും കലാപങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്നതും രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് കോട്ടം വരുത്തുന്നതുമായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യരുത് തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍. ന്യൂസ് ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്‍, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്‍, രാജ്യത്തെ എല്ലാ ഡിടിഎച്ച്/എച്ച്‌ഐടിഎസ് ഓപറേറ്റര്‍മാര്‍, കേബിള്‍ ഓപറേറ്റര്‍മാര്‍ എന്നിവര്‍ക്കാണ് മന്ത്രാലയം നിര്‍ദേശങ്ങള്‍ അയച്ചിട്ടുള്ളത്.

അതിനിടയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധം രണ്ടാം ദിവസവും ശക്തമായി തുടരുകയാണ്. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 5,000 അര്‍ദ്ധസൈനികരെ വിന്യസിച്ചു. ഇന്ന് അസമിലെ ദിബ്രുഗയില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതിനെത്തുടര്‍ന്ന് സൈന്യത്തെ സജ്ജമാക്കിയതായി റിപോര്‍ട്ടുകളുണ്ട്.

ബില്ലിനെതിരേ നിരവധി സംഘടനകളും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളും ബന്ദിന് ആഹ്വാനം ചെയ്തതിനാല്‍ ചൊവ്വാഴ്ച മുതല്‍ അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിച്ചു. ബന്ദിനെത്തുടര്‍ന്ന് അസമിലുടനീളമുള്ള റെയില്‍, റോഡ് ഗതാഗതം സ്തംഭിച്ചിട്ടുമുണ്ട്. 

Tags:    

Similar News