'മുസ് ലിം വോട്ട് വേണം, സ്ഥാനാര്‍ഥികളെ വേണ്ട'; മഹാരാഷ്ട്ര കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് പ്രചാരണസമിതിയില്‍നിന്ന് രാജിവച്ചു

Update: 2024-04-27 05:48 GMT

മുംബൈ: സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു മുസ് ലിം സ്ഥാനാര്‍ഥിക്ക് പോലും ഇടം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് പ്രചാരണസമിതിയില്‍നിന്ന് രാജിവച്ചു. മുന്‍ മന്ത്രി കൂടിയായി മുഹമ്മദ് ആരിഫ് നസീം ആണ് പാര്‍ട്ടിയുടെ പ്രചാരണ സമിതിയില്‍ നിന്ന് രാജിവച്ചത്. സംസ്ഥാനത്ത് ഒരു മുസ് ലിം നേതാവിനെ പോലും പാര്‍ട്ടി നോമിനേറ്റ് ചെയ്യാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് കത്ത് നല്‍കി. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി(എംവിഎ) സഖ്യം ഒരു മുസ് ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ലാത്തതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ പ്രചാരണത്തിനില്ലെന്നാണ് ഖാര്‍ഗെയ്ച്ച് അയച്ച കത്തില്‍ പറയുന്നത്.

    'മഹാരാഷ്ട്രയിലെ ആകെ 48 ലോക്‌സഭാ സീറ്റുകളില്‍ എംവിഎ ഒരു മുസ് ലിം സ്ഥാനാര്‍ഥിയെപ്പോലും നോമിനേറ്റ് ചെയ്തിട്ടില്ല. സംസ്ഥാനത്തെ നിരവധി മുസ് ലിം സംഘടനകളും നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥിയെയെങ്കിലും കോണ്‍ഗ്രസ് നോമിനേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല. കോണ്‍ഗ്രസിന് മുസ് ലിം വോട്ടുകള്‍ വേണം, പക്ഷേ എന്തുകൊണ്ട് സ്ഥാനാര്‍ഥികളെ പാടില്ലെന്നാണ് നേതാക്കളും പ്രവര്‍ത്തകരും എന്നോട് ചോദിക്കുന്നത്. അതിന് എനിക്ക് ഉത്തരമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

    മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളില്‍ 17ലും കോണ്‍ഗ്രസാണ് മല്‍സരിക്കുന്നത്. ശിവസേന (യുബിടി), എന്‍സിപി(ശരദ്ചന്ദ്ര പവാര്‍) സഖ്യമായ മഹാ വികാസ് അഘാഡിയുടെ ഭാഗമായാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ നിന്നുള്ള ടിക്കറ്റിനായി മുഹമ്മദ് ആരിഫ് ഖാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പാര്‍ട്ടി സിറ്റി യൂണിറ്റ് പ്രസിഡന്റ് വര്‍ഷ ഗെയ്ക്‌വാദിനെയാണ് നിര്‍ത്തിയത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുംബൈയിലെ ചാന്ദിവാലിയില്‍ നിന്ന് മത്സരിച്ച അദ്ദേഹം 409 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് തങ്ങളുടെ ദീര്‍ഘകാല പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിച്ചതായി അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകളില്‍ നിന്നും സാമൂഹിക ഗ്രൂപ്പുകളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും തനിക്ക് കോളുകള്‍ വന്നിട്ടുണ്ട്. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് ടിക്കറ്റ് അനുവദിക്കുമ്പോള്‍ കോണ്‍ഗ്രസ് എന്തുകൊണ്ട് തങ്ങളെ അവഗണിച്ചെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. എന്തുകൊണ്ടാണ് ന്യൂനപക്ഷ വിഭാഗങ്ങളോട് അനീതി കാണിക്കുന്നതെന്ന് ചോദ്യത്തെ അഭിമുഖീകരിക്കാന്‍ എനിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News