ശിവജി പാര്‍ക്കില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതില്‍ ആശങ്കയറിയിച്ച് ബോംബെ ഹൈക്കോടതി

സത്യപ്രതിജ്ഞ ഈ പാര്‍ക്കില്‍ നടന്നാല്‍ ഭാവിയിലും ഇത്തരം പരിപാടികള്‍ക്ക് ശിവജി പാര്‍ക്ക് തിരഞ്ഞെടുക്കാന്‍ കാരണമാവുമെന്നും ജനങ്ങളും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ഇത് തടസ്സമാവുമെന്നും കോടതി പറഞ്ഞു.

Update: 2019-11-28 02:07 GMT

മുംബൈ: ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുന്നതിന് ശിവജി പാര്‍ക്ക് തിരഞ്ഞെടുത്തതില്‍ ആശങ്ക അറിയിച്ച് ബോംബെ ഹൈക്കോടതി. ഇപ്പോള്‍ സത്യപ്രതിജ്ഞ ഈ പാര്‍ക്കില്‍ നടന്നാല്‍ ഭാവിയിലും ഇത്തരം പരിപാടികള്‍ക്ക് ശിവജി പാര്‍ക്ക് തിരഞ്ഞെടുക്കാന്‍ കാരണമാവുമെന്നും ജനങ്ങളും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ഇത് തടസ്സമാവുമെന്നും കോടതി പറഞ്ഞു. ശിവജി പാര്‍ക്ക് കളിസ്ഥലമാണോ ആഘോഷങ്ങള്‍ക്കുള്ള സ്ഥലമാണോ എന്ന പ്രശ്‌നത്തെ കുറിച്ച് വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് ധര്‍മ്മാധികാരി, ആര്‍ ഐ ഛഗ്ല തുടങ്ങിയവര്‍ അംഗങ്ങളായ ഡിവിഷന്‍ ബഞ്ചാണ് ആശങ്ക പ്രകടിപ്പിച്ചത്. 2010 ലാണ് വിക്കോം ട്രസ്റ്റ് എന്ന എന്‍ജിഒ ഹൈക്കോടതിയെ സമീപിച്ചത്.

ഇന്ന് വൈകീട്ടാണ് ശിവസേനയുടെ രാഷ്ട്രീയചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ശിവജി പാര്‍ക്കില്‍ വച്ച് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. ബാല്‍ താക്കറെയുടെ നേതൃത്വത്തില്‍ ദസറ ആഘോഷങ്ങള്‍ നടക്കുന്ന വേദിയായിരുന്നു ശിവജി പാര്‍ക്ക്. 1966 ല്‍ ബാല്‍ താക്കറെ തന്റെ പാര്‍ട്ടിയുടെ ആദ്യ റാലി നടത്തിയത് ഇതേ പാര്‍ക്കിലാണ്. ശിവസേനയുടെ ദസറാ ആഘോഷങ്ങള്‍ക്ക് വേദിയാവുന്നതും ഇതുതന്നെ. ശിവസേനയുടെ സ്ഥാപകനായ ബാല്‍ താക്കറെയെ ഇതേ പാര്‍ക്കിലാണ് അടക്കം ചെയ്തത്. അതിപ്പോള്‍ ശിവ്തീര്‍ത്ത് എന്നാണ് ശിവ് സേന അനുയായികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ബാല്‍താക്കറെയും ഓര്‍മ നിലനിര്‍ത്താന്‍ ഒരു സ്മാരകവും ഇവിടെയുണ്ട്. ബാല്‍താക്കറെയുടെ ഭാര്യ മീനത്തായ് താക്കറെയുടെ പ്രതിമയും പാര്‍ക്കിന്റെ ഒരു പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞാചടങ്ങുകള്‍ക്കായി പന്തലുകളും കസാരകളും മുളകളും മറ്റും എത്തിച്ചുകൊണ്ടിരിക്കയാണ്.  

Tags:    

Similar News