വളപട്ടണം പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

Update: 2025-09-06 11:07 GMT

കണ്ണൂര്‍: പാപ്പിനിശ്ശേരി വളപട്ടണം പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ കാറില്‍ നിന്നിറങ്ങി പുഴയിലേക്ക് ചാടി കാണാതായ മധ്യവയസ്‌കന്റെ മൃതദേശം ഇന്ന് കണ്ടെത്തി. പാപ്പിനിശ്ശേരി കീച്ചേരി സ്വദേശി ഗോപിനാഥ് (59) ആണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വളപട്ടണം റെയില്‍വേ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

സംഭവം സെപ്റ്റംബര്‍ 4നു വൈകിട്ട് 4.45ഓടെയാണ് നടന്നത്. ആശുപത്രിയില്‍ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേക്കുള്ള യാത്രാമധ്യേ വളപട്ടണം പാലത്തിനു മുകളില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട ഗോപിനാഥ് പുറത്തിറങ്ങി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.

കണ്ണൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന, വളപട്ടണം പോലിസ്, കോസ്റ്റല്‍ പോലിസ് എന്നിവര്‍ സംയുക്തമായി നടത്തിയ തിരച്ചിലില്‍ ദിവസങ്ങളോളം മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഇന്ന് ഉച്ചയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Tags: