മുടക്കമില്ലാതെ ശമ്പളം നല്‍കും; ബ്ലഡ് ബാങ്ക് ജീവനക്കാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു

Update: 2022-03-30 15:32 GMT

തൃശൂര്‍: രാമവര്‍മപുരത്തെ ജില്ലാ പഞ്ചായത്തിനെയും ഐഎംഎയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കിലെ ജീവനക്കാര്‍ക്ക് നല്‍കേണ്ട ശമ്പളം മുടക്കമില്ലാതെ വിതരണം ചെയ്യുന്നതിന് തീരുമാനമായി.

ബ്ലഡ് ബാങ്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ഐഎംഎ ബ്ലഡ് ബാങ്ക് 2021 ല്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ടിയിരുന്ന ബോണസ് തുക മുന്‍ വര്‍ഷങ്ങളിലേതുപോലെ 10,000 രൂപയായി നല്‍കുവാന്‍ തീരുമാനിച്ചു. ഇതിലെ ആദ്യ ഗഡു ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പവും രണ്ടാമത്തെ ഗഡു മെയ് മാസത്തെ ശമ്പളത്തോടൊപ്പവും വിതരണം ചെയ്യും. ഐഎംഎ ബ്ലഡ് ബാങ്ക് ശമ്പള പരിഷ്‌കാരം, ബ്ലഡ് ബാങ്കില്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകള്‍ ഉന്നയിച്ചിട്ടുള്ള പരാതികള്‍ എന്നിവ സംബന്ധിച്ച് കാര്യക്ഷമമായ ഓഡിറ്റിങ് മൂന്നുമാസത്തിനുള്ളില്‍ നടത്തും. ബ്ലഡ് ബാങ്ക് ജീവനക്കാരോട് മാനേജ്‌മെന്റ് വിവേചനം കാണിക്കുന്നുവെന്ന പരാതി പരിശോധിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.

യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ബ്ലഡ് ബാങ്കിന് മുന്‍പില്‍ ജീവനക്കാരുടെ സംഘടനകള്‍ നടത്തിയിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചതായി നേതാക്കള്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂദനന്‍, ഡെപ്യൂട്ടി ഡിഎംഒ അനൂപ് ടി കെ, ഐഎംഎ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഗോവിന്ദന്‍കുട്ടി, ഐഎംഎ പ്രസിഡന്റ് ജോയ് മഞ്ഞില, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News