പാലക്കാട്ട് കെഎസ്‌യു പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

പിരായിരി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി അരുണ്‍ ആലങ്ങാടിനെ പോലിസ് തിരയുന്നു

Update: 2025-12-11 14:44 GMT

പാലക്കാട്: പാലക്കാട് കല്ലേക്കാട് കെഎസ്‌യു പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി തിരച്ചില്‍. ബിജെപി സ്ഥാനാര്‍ഥിയും അക്രമത്തില്‍ പങ്കെടുത്തതായാണ് പരാതി. പിരായിരി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ സ്ഥാനാര്‍ഥി അരുണ്‍ ആലങ്ങാടിനെയാണ് പോലിസ് തിരയുന്നത്. ഇയാള്‍ ഒളിവിലാണ്. ആക്രമണത്തില്‍ കെഎസ്‌യു പ്രവര്‍ത്തകന്‍ മുഹമ്മദ് അജ്മലിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. രക്തം ഛര്‍ദിക്കുന്നതിനാല്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് അജ്മല്‍. സംഭവത്തില്‍ അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ പിടിയിലായി.

ബൂത്ത് കെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കല്ലേറിലാണ് അജ്മലിന്റെ കണ്ണിനു പരിക്കേറ്റത്. പ്രശ്നമുണ്ടായ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട് ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവിടെവെച്ചാണ് ബിജെപിക്കാര്‍ ആക്രമിച്ചതെന്നാണ് വിവരം.

Tags: