ന്യൂഡല്‍ഹി: വന്ദേമാതരം ആലപിക്കുന്നതും ബഹുമാനിക്കുന്നതും രാജ്യത്തോടുള്ള വിശ്വസ്തതയുടെ പരീക്ഷണമായി കണക്കാക്കരുതെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍-മുസ്ലിമീന്‍ (എഐഎംഐഎം) മേധാവി അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ബിജെപിയും ആര്‍എസ്എസും ഇന്ത്യയെ മതപരമായ രാജ്യമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു പരിപാടികള്‍ ആരംഭിക്കുന്നതിനു മുമ്പ് വന്ദേമാതരം പാടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരേ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍, ഭരണഘടന ആരംഭിക്കുന്നത് 'ഭാരത് മാതാ കീ ജയ്' പോലുള്ള മുദ്രാവാക്യങ്ങളോടെയല്ല, മറിച്ച് 'നമ്മള്‍ ജനങ്ങള്‍' എന്ന വാക്കില്‍ നിന്നാണെന്ന് ഒവൈസി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 25 മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഉറപ്പുനല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.